തിരൂരങ്ങാടി : ലോക ടൂറിസം ദിനത്തില്‍ ചെറുമുക്ക് ആമ്പല്‍ പാടം ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു . ചെറുമുക്ക് പള്ളിക്കത്താഴം റോഡില്‍ സഞ്ചാരികളെത്തുന്നത് പതിവായിരിക്കുകയാണ്. റോഡിന്റെ ഇരുവശവും സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വയലില്‍ വിരിഞ്ഞു നില്‍ക്കുന്ന ആമ്പല്‍ ഏറെ സൗന്ദര്യമാണ് നല്‍കുന്നതെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് പ്രദേശത്തേക്ക് വിനോദ സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയത് .
ഇവിടെ സന്ദര്‍ശിക്കാന്‍ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കളക്ടര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍, കേരള ടൂറിസം ജില്ലാ ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു .ഇതിനെ തുടര്‍ന്ന് ലോക ടൂറിസം ദിനത്തില്‍ മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥ ശഹാന ശെറിന്‍ എന്നിവരുടെ നേതൃതത്തില്‍ ചെറുമുക്ക് ആമ്പല്‍ പാടത്ത് പരിശോധന നടത്തിയത്.
ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ദേശാടന കിളികളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം.ജില്ലാ ഫോറസ്റ്റ് വകുപ്പും ജില്ലയിലെ പക്ഷി നിരീക്ഷകവിഭാഗവും ഇവിടെ എത്തുന്ന പക്ഷികളുടെ സര്‍വേ നടത്തി വരുന്നുണ്ട് . അതില്‍ 80 ഇനം വ്യത്യസ്ത പക്ഷികളെ തിരിച്ചറിഞ്ഞിരുന്നു . ഇത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ നിവേദനം നല്‍കിയിട്ടുണ്ട്.




