Section

malabari-logo-mobile

ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലയിൽ ജാഗ്രത നിര്‍ദേശം: ആരോഗ്യവകുപ്പ്

HIGHLIGHTS : Malappuram district on alert against dengue fever: Health Department

മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനി രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.
ജനുവരി മുതൽ ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ച 469 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 581 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ചുങ്കത്തറ, എടവണ്ണ, വണ്ടൂർ എന്നീ ഹെൽത്ത് ബ്ലോക്കുകളിലാണ്. ചുങ്കത്തറ ഹെൽത്ത് ബ്ലോക്കിൽ 120 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, എടവണ്ണ ഹെൽത്ത് ബ്ലോക്കിൽ 80 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, വണ്ടൂർ ഹെൽത്ത് ബ്ലോക്കിൽ 67 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി:-
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ  കാരണമാകുകയും ചെയ്യുന്നതാണ്.

sameeksha-malabarinews

ലക്ഷണങ്ങൾ:-
ഡെങ്കി വൈറസ് ശരീരത്തിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ
ഡെങ്കിപ്പനി മൂർച്ചിച്ച് കഴിഞ്ഞാൽ പൊതുവെയുള്ള ലക്ഷണങ്ങൾക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോച്ഛ്വാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛർദ്ദി, കറുത്ത നിറത്തിൽ മലം പോകുക, അമിതമായ ദാഹം എന്നിവ.

എങ്ങനെ പ്രതിരോധിക്കാം?
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നിൽക്കുന്നതിന് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളിൽ തന്നെ കിടത്താൻ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാൽ രോഗം പകരാൻ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാൻ തൊലിപ്പുറത്ത് ക്രീമുകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാൽ രോഗിക്ക് മതിയായ വിശ്രമം  നൽകേണ്ടതും കുടിക്കാന്‍ ധാരാളം വെള്ളം നല്‍കേണ്ടതുമാണ്.
രോഗം വന്ന് കഴിഞ്ഞാൽ വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും തന്നെ സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ യഥാസമയം ചികിത്സ നൽകേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവർക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് ചികിത്സ എന്നിവ നൽകാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
* കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കലാണ് പ്രധാനമായും ചെയ്യേണ്ടത്. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം.
* ഉറവിട നശീകരണം ഉറപ്പുവരുത്തുക. ഡ്രൈ ഡേ (Dry day) ആചരിക്കുക.
* പാഴ് വസ്തുക്കൾ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കുക.
* വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നു ഉറപ്പുവരുത്തുക.
* ഓവർ ഹെഡ് ടാങ്കുകൾ അടച്ചു സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
* വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുക.
* വെള്ളം പിടിച്ചു വെക്കുന്ന പാത്രങ്ങൾ ചകിരി ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയതിന്ന് ശേഷം മാത്രം വീണ്ടും വെള്ളം നിറയ്ക്കുക.
* വീണ്ടും വെള്ളം നിറയ്ക്കുന്നില്ലെങ്കിൽ പാത്രങ്ങൾ ഉണക്കി കമിഴ്ത്തി സൂക്ഷിക്കുക.
* പാത്തികൾ, സൺഷൈഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
* ചെടിച്ചട്ടികൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, കൂളറുകളുടെ പിൻവശം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
* രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക,  രോഗലക്ഷണം കണ്ടു കഴിഞ്ഞാൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ/ആശുപത്രിയിലോ വിവരം അറിയിക്കുക..
* രോഗി കൃത്യമായി വിശ്രമം എടുക്കുക.
* കൊതുക് കടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക.
* കൊതുകുവല, കൊതുകുനിശീകരണികൾ തുടങ്ങിയവ ഉപയോഗിക്കുക.
* രോഗി നിർബന്ധമായും കൊതുകുവല ഉപയോഗിക്കുക
* കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക (കമുകിൻ തോട്ടങ്ങൾ, റബർതോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്).

 

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി ഇന്ന് (ശനി) തന്നെ പൂര്‍ത്തിയാക്കണം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധവികളും ഇന്ന് (ശനി) 2 മണിക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം  ജീവനക്കാരുെടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. അല്ലാത്തവർക്കെതിരെ  1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടി കൈക്കൊള്ളുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!