Section

malabari-logo-mobile

ഒമിക്രോൺ രോഗികളെ ടെസ്റ്റ് നെഗറ്റീവായ ശേഷമേ ഡിസ്ചാർജ് ചെയ്യൂ: ആരോഗ്യമന്ത്രി

HIGHLIGHTS : Discharge omicron patients only after test negative: Health Minister

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. എന്നാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പലരും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഒമിക്രോണ്‍ പ്രതിരോധത്തെ ബാധിക്കും. അതിനാല്‍ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതാകും നല്ലതെന്നും ഒരു കാരണവശാലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. പെട്ടൊന്നൊരു സ്ഥലത്ത് ക്ലസ്റ്റര്‍ ഉണ്ടായാല്‍ അവിടെ നിന്നുള്ള സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നതാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

അതേസമയം ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയാല്‍ അത് നേരിടുന്നതിന് ആശുപത്രികളില്‍ തയ്യാറാക്കിയ സജ്ജീകരണങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് സര്‍വയലന്‍സ് നല്ല രീതിയില്‍ നടക്കുന്നുണ്ട്. എയര്‍പോട്ടില്‍ വച്ച് പരിശോധിക്കുന്നവരില്‍ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് കൊവിഡ് പോസിറ്റീവാകുന്നത്. അതിനാല്‍ തന്നെ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ശക്തമാക്കും. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് വാക്സിന്റെ ക്ഷാമമില്ലെങ്കിലും പലരും വാക്സിനെടുക്കാന്‍ വരുന്നില്ല. അലര്‍ജിയും മറ്റ് പല കാരണങ്ങളും പറഞ്ഞ് കുറേപേര്‍ വാക്സിനെടുക്കാതെ മാറി നില്‍ക്കുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടതാണ്. ക്രിസ്തുമസ്, ന്യൂ ഇയര്‍ വരുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!