തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ സ്വീകരണ പരിപാടിയില്‍ വേദി പങ്കിട്ട് നടന്‍ ദീലിപും സംവിധായകന്‍ രഞ്ജിത്തും. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നല്‍കിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്.
ഫിയോകിന്റെ ആജീവനാന്ത കാല ചെയര്‍മാനാണ് ദിലീപ്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനെ അഭിനന്ദിച്ച് എന്തിനും കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് യോഗത്തില്‍ ദിലീപ് പ്രശംസിച്ചു.
തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്നും പ്രശ്‌നം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. ഭരണഘടന ഭേദഗതിയില്‍ ഉള്‍പ്പെടെ തീരുമാനം കൈക്കൊള്ളാനാണ് ഫിയോക്കിന്റെ ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നത്.
നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കായിരുന്നു ഫിയോക്കിന്റെ നീക്കം. ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്‌തേക്കും.




