നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

ചെന്നൈ:നടി നയന്‍ താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമെതിരെ നടന്‍ ധനുഷ് മദ്രാസ്‌ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.നെറ്റ്ഫിക്ല്‌സ് ഡോക്യുമെന്ററിയിലെ പകര്‍പ്പവകാശ ലംഘനത്തിനാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരിക്കുന്ന നയന്‍താര വിഘ്‌നേശ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന ധനുഷ് നിര്‍മ്മിച്ച ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ധനുഷിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നയന്‍താരയ്ക്ക് നോട്ടീസ് അയച്ചു. നയന്‍താര, വിഘ്‌നേഷ് ശിവന്‍ ,നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍ മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

പത്ത് കോടിരൂപയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ച ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന കത്ത് ഏറെ വിവാദമായിരുന്നു. ധനുഷിന്റേത് നിഷ്‌കളങ്കമുഖമല്ലെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് ധനുഷെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നയന്‍താരയെ നായികയാക്കി വിഘ്‌നേശ് ശിവനാണ് നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍നിന്നാണ് നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. അതിനാല്‍ തന്നെ ചിത്രത്തിലെ പാട്ടുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ധനുഷിന്റെ നിര്‍മാണക്കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇത് പരിഗണിക്കുന്നത് മനപൂര്‍വം വൈകിക്കുകയും ചെയ്തതായി നയന്‍താര പറഞ്ഞിരുന്നു.

തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ ഇതിനോടകം തന്നെ പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങള്‍ ഇവര്‍ ഡോക്യുമെന്ററിയുടെ ട്രയിലറില്‍ ഉള്‍പ്പെടുത്തി. അതേ തുടര്‍ന്ന് ഇത് പകര്‍പ്പാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു ധനുഷ്.

ധനുഷിനെതിരെ വിമര്‍ശനമുന്നയിച്ച് തുറന്ന കത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നയന്‍താരക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതി തിരുവോത്ത് ,അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ നയന്‍താരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

നെറ്റ്ഫ്‌ളിക്‌സില്‍ നവംബര്‍ 18 ന് റിലീസ് ചെയ്ത നയന്‍താര വിഘ്‌നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയില്‍ ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോന്‍ ആണ് സംവിധാനം ചെയ്തത്.

Share news
error: Content is protected !!
Scroll to Top