തവനൂരിലും പൊന്നാനിയിലും കോടികളുടെ വികസന പദ്ധതികള്‍;ഡോ. കെ.ടി ജലീല്‍

എടപ്പാള്‍: തവനൂരിലും പൊന്നാനിയിലും നടപ്പാക്കുന്നത് കോടി കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ . കിഫ് ബിയില്‍ നിന്ന് അനുവദിച്ച 53 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന തിരുന്നാവായ- തവനൂര്‍ പാലം പ്രവൃത്തിയ്ക്കായി ടെന്‍ഡറായി. 42 കോടി രൂപയുടെ പുറത്തൂര്‍ – കൂട്ടായി നായര്‍ തോട് പാലം പ്രവൃത്തിക്കായി ഇന്‍ലാന്റ് നാവിഗേഷന്റെ അനുമതിയുമായി. രണ്ടാം ഘട്ട ടെന്‍ഡര്‍ നടപടിയുമായി. 258 കോടി രൂപയുടെ ഹൗറ മോഡല്‍ പാലം പ്രവൃത്തിക്കായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ നടപടിയായിരിക്കുകയാണ്. സ്ഥലമേറ്റെടുക്കുന്നതിനും അനുകൂല സാഹചര്യവുമൊരുങ്ങി. എടപ്പാള്‍ ഐ.ടി.ഐ, 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അസാപ്പ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും
ഡോ. കെ.ടി ജലീല്‍ എം.എല്‍.എ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കോള്‍ നിലങ്ങളിലൂടെ സ്ഥാപിക്കുന്ന ഒളക്കടവ് – മാറഞ്ചേരി പാലം പ്രവൃത്തി 40 ശതമാനം പൂര്‍ത്തിയായെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ ഉന്നത തല യോഗം ചേരുമെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ.കെ.ടി ജലീല്‍ എം.എല്‍.എ വ്യക്തമാക്കി.

2016ലാണ് എടപ്പാള്‍ മേല്‍പ്പാലത്തിനായി സര്‍ക്കാര്‍ 13.5 കോടി കിഫ് ബി മുഖേന അനുവദിച്ചത്. പ്രളയവും കോവിഡും തീര്‍ത്ത പ്രതിബദ്ധങ്ങളെയെല്ലാം അതിജീവിച്ചാണ് എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കിയതെന്നും കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. കോടി കണക്കിന് രൂപയുടെ പദ്ധതികളാണ് ടൂറിസം രംഗത്ത് പൊന്നാനിയില്‍ നടപ്പാക്കുന്നതെന്ന് പി നന്ദകുമാര്‍ എം.എല്‍.എ പറഞ്ഞു. ഹൗറ പാലം പൊന്നാനിയ്ക്ക് നഷ്ടപ്പെടുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും പദ്ധതി ഒരിക്കലും പൊന്നാനിയ്ക്ക് നഷ്ടപ്പെടില്ലെന്നും എം.എല്‍.എ വ്യക്തമാക്കി. കിഫ്ബി എന്തിനാണെന്ന ചോദ്യത്തിനുള്ള മറുപടിയാണ് എടപ്പാള്‍ മേല്‍പ്പാലം ഉള്‍പ്പെടെയുള്ള പദ്ധതികളെന്നും എം.എല്‍.എ പറഞ്ഞു. പൊതു മരാമത്ത് പ്രവൃത്തികളുടെ മണ്ഡലം തലത്തിലുള്ള കൃത്യതയാര്‍ന്ന അവലോകനവും നിരീക്ഷണവും മറ്റു വകുപ്പുകളിലും ഉണ്ടാകേണ്ടതാണെന്നും പി നന്ദകുമാര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top