Section

malabari-logo-mobile

റിഫ മെഹ്‌നുവിന്റെ മരണം; കേസില്‍ ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തു അറസ്റ്റില്‍

HIGHLIGHTS : Death of Rifa Mehnu; Her husband Mehnas Moitu was arrested in the case

കോഴിക്കോട്: വ്‌ലോഗര്‍ റിഫ മെഹ്‌നു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മെഹ്നാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മെഹ്‌നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കാസര്‍കോട്ടെ മെഹ്‌നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ്  തള്ളിയത്. മെഹ്നാസിനെ പോക്‌സോ കേസില്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കാക്കൂര്‍ പൊലീസ് മെഹ്‌നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ റിഫയെ കണ്ടെത്തുന്നത്. ജനുവരിയിലായിരുന്നു റിഫ ദുബായിലെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. തൂങ്ങി മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മെഹ്നാസിന്റെ പീഡനമാണ് റിഫയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പൊലീസ് മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിന്റെ അന്വേഷണത്തിനിടയില്‍ വിവാഹസമയത്ത് വ്ലോഗറിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കേസില്‍ കോഴിക്കോട് കാക്കൂര്‍ പൊലീസ് മെഹ്നാസിനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തിരുന്നു.

ഇരുവരും 3 വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബായിലെത്തിയത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!