Section

malabari-logo-mobile

പ്രിതിദിന കോവിഡ് വ്യാപനം അര ലക്ഷം കവിഞ്ഞു; രോഗവ്യാപനം കൂടുതല്‍ 20-30 വയസ്സിന് ഇടയില്‍

HIGHLIGHTS : Daily Covid spread exceeds half a million; Outbreaks appear to be exacerbated during the 20-30 years of age

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെന്നും രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മൂന്നു ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 20നും 30നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇപ്പോള്‍ രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം നേരിടാന്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സുസജ്ജമാണ്. ആശുപത്രികളില്‍ മതിയായ എല്ലാ സൗകര്യങ്ങളുമുണ്ട്. തീവ്രപരിചരണവും വെന്റിലേറ്ററും ആവശ്യമുള്ള രോഗികളുടെ എണ്ണം കുറവാണ്. നിലവില്‍ സംസ്ഥാനത്തെ കോവിഡ്, നോണ്‍-കോവിഡ് ഐ.സി.യുവില്‍ 42.7 ശതമാനം കിടക്കകളില്‍ മാത്രമേ ഇപ്പോള്‍ രോഗികള്‍ ഉള്ളൂ. 57 ശതമാനം ഒഴിവുണ്ട്. വെന്റിലേറ്റര്‍ ഉപയോഗം 14 ശതമാനം മാത്രമാണ്. വെന്റിലേറ്ററുകളില്‍ 86 ശതമാനം ഒഴിവുണ്ട്. കഴിഞ്ഞയാഴ്ച ചികിത്സയിലുള്ളതില്‍നിന്ന് 0.7 ശതമാനം പേര്‍ക്കു മാത്രമാണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായിവന്നിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുട്ടികളിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു പ്രത്യേക ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. 15 വയസിനു മുകളിലുള്ള കുട്ടികളില്‍ 68 ശതമാനം പേര്‍ക്കു വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ സെഷനുകള്‍ നടത്താന്‍ കഴിയുന്നില്ല. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന കുട്ടികള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കുന്നതിനുവേണ്ടിയാണു പ്രത്യേക ക്യാംപെയിന്‍ ആലോചിക്കുന്നത്. 18നു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 84 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

sameeksha-malabarinews

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ജില്ലകളിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റുകളാണ് (ഡി.പി.എം.എസ്.യു) ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രികളും ഡി.പി.എം.എസ്.യുകളുമായുള്ള ആശയ വിനിമയം സുഗമമാക്കുന്നതിനാണ് പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത്.

സംസ്ഥാനത്തു പലയിടത്തും ആരോഗ്യ പ്രവര്‍ത്തകര്‍ക്കടയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എല്ലാ ആശുപത്രികളിലും ഉറപ്പാക്കും. സാമൂഹിക അകലം, എന്‍95 മാസ്‌കിന്റെയും പിപിഇ കിറ്റിന്റെയും ഉപയോഗം, കൂട്ടംകൂടാതിരിക്കല്‍, രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രം അനുവദിക്കല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉറപ്പാക്കും. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 4,917 പേരെ പ്രത്യേകമായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ മന്ത്രിയുടേയും ജില്ലയില്‍നിന്നുള്ള മന്ത്രിമാരുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ പ്രത്യേകമായി സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിലയിരുത്തി. ആശുപത്രികളിലേക്കു കൂടുതലായി രോഗികളെത്തുന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സാഹചര്യവും വിലയിരുത്തിയതായി മന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!