35 രാജ്യങ്ങളിലെ 573 വിദ്യാര്‍ഥികള്‍; കുസാറ്റിലേക്ക് വിദേശ വിദ്യാര്‍ഥി പ്രവാഹം

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കോഴ്‌സുകള്‍ക്ക് വിവിധ വിദേശരാജ്യ വിദ്യാര്‍ഥികള്‍ക്ക് പ്രിയമേറുന്നു. ഇത്തവണ 35 രാജ്യങ്ങളിലെ 573 വിദ്യാര്‍ഥികളാണ് പ്രവേശനത്തിന് അപേക്ഷിച്ചത്. ഗവേഷണത്തിന് 101 പേരും ബിരുദാനന്തര ബിരുദത്തിന് 253 പേരും ബിരുദ കോഴ്‌സുകള്‍ക്ക് 213 പേരും അപേക്ഷിച്ചു.രാജ്യത്തിനകത്തെ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ ഓരോ ബ്രാഞ്ചിലും 15 ശതമാനം സീറ്റ് വര്‍ധിപ്പിച്ചാണ് പ്രവേശനം നല്‍കുന്നത്. ഇത്തരത്തില്‍ ബിടെക്കിന് 65ഉം എല്‍എല്‍ബിക്ക് അഞ്ചും പിജി കോഴ്‌സുകള്‍ക് 51ഉം വിദേശ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.

സ്‌കോളര്‍ഷിപ് ലഭ്യതയ്ക്കനുസരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) അംഗീകാരത്തിന് വിധേയമായാണ് പ്രവേശനം നല്‍കുക. ആറു പേര്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) മുഖേനയാണ് അപേക്ഷിച്ചത്.കഴിഞ്ഞ വര്‍ഷം 70 വിദേശ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതില്‍ കോവിഡ്മൂലം 10 പേര്‍ക്കുമാത്രമാണ് പ്രവേശനം നേടാനായത്. ഇവരില്‍ അഞ്ചുപേര്‍ ഓണ്‍ലൈനായാണ് പഠിക്കുന്നത്. യുകെ, യുഎസ്എ, ശ്രീലങ്ക, പോളണ്ട്, ഐവറികോസ്റ്റ്, നൈജീരിയ, തുര്‍ക്നിസ്ഥാന്‍ തുടങ്ങി 20 രാജ്യത്തെ 30 വിദ്യാര്‍ഥികള്‍ കുസാറ്റില്‍ നിലവില്‍ പഠിക്കുന്നുണ്ടെന്ന് ഓഫീസ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (ഒഐസി) ഡയറക്ടര്‍ ഡോ. എന്‍ ബാലകൃഷ്ണ പറഞ്ഞു. മുമ്പ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് അഡ്മിഷന്‍സ് (ഐആര്‍എഎ) വകുപ്പായിരുന്നു എല്ലാ വിഭാഗത്തിലും പ്രവേശനം നടത്തുന്നത്. എന്നാല്‍, 2020ല്‍ ഒഐസി രൂപീകരിച്ചാണ് വിദേശ വിദ്യാര്‍ഥി പ്രവേശനവും വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.

കുസാറ്റിന്റെ വിവിധ മേഖലയിലുള്ള റാങ്കിങ്, ഉയര്‍ന്ന തൊഴില്‍ സാധ്യതകള്‍, തൊഴിലുടമയുടെ സംതൃപ്തി എന്നിവ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന ഘടകമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top