ദില്ലി: ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. കേസുകള്‍ നീട്ടുന്നത് എന്തിനാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കില്ലെന്നും കോടതി. എംപിമാരോ,എംഎല്‍എമാരോ കുറ്റക്കാരാണെന്നുകണ്ടാല്‍ വേഗത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇഡി, സിബിഐ കേസുകള്‍ എന്തുകൊണ്ടാണ് താമസിക്കുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
20-30 വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാത്ത കേസുകള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇഡിക്കെതിരെയും സിബിഐക്കെതിരെയും കോടതി വമിര്‍ശനം ഉന്നയിച്ചു. അന്വേഷണത്തിന്റെ ഭാഗമയി സ്വത്തുകള്‍ ഇഡി മരവിപ്പിക്കും. എന്നാല്‍ അതിന് ശേഷം ഒരു നടപടിയും ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ചെയ്യുന്ന കേസുകള്‍ എന്തിനാണ് വലിച്ചുനീട്ടുന്നതെന്നും കോടതി ചോദിച്ചു.
സാമ്പത്തിക ക്രമക്കേട് കേസുകളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമയം എടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയില്‍ മറുപടി നല്‍കി. കേസുകളുടെ സമയബന്ധിതമായിട്ടുള്ള പൂര്‍ത്തിയാക്കലിനായി സുപ്രീംകോടതി ഉത്തരവ് ഇറക്കണമെന്ന് എസ്ജി ആവശ്യപ്പെട്ടു. ഇക്കാര്യം ഹോക്കോടതിയോട് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി അറിയിച്ചു.




