Section

malabari-logo-mobile

മാപ്പിൽ തീരില്ല;കടുവയിൽ നിന്നും വിവാദ ഡയലോഗ് നീക്കാൻ അണിയറ പ്രവർത്തകർ

HIGHLIGHTS : Prithviraj apologizes for the reference to differently-abled children in 'Tiger'

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗില്‍ മാറ്റം വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എടുത്തത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

sameeksha-malabarinews

സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷമിക്കണം. അത് ഒരു തെറ്റായിരുന്നു. ഞങ്ങള്‍ അത് അംഗീകരിക്കുന്നു എന്നാണ് ഷാജി കൈലാസിന്റെ ക്ഷമാപണ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതിയത്.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-

ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. (‘പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്….
നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!