Section

malabari-logo-mobile

കോവിഡ് 19: തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ മലപ്പുറം ജില്ല സജ്ജം

HIGHLIGHTS : മലപ്പുറം: മലപ്പുറം ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ മലപ്പുറം ജില്ല സജ്ജമായതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. നാളെ ...

മലപ്പുറം: മലപ്പുറം ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ മലപ്പുറം ജില്ല സജ്ജമായതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. നാളെ (മെയ് 07) സൗദി അറേബ്യ, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 400 പേര്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വീകരിക്കാനും ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

ആരോഗ്യ ജാഗ്രതയും യാത്രക്കാരുടെ സാമൂഹ്യ അകലവും ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്തിലും വിമാനത്താവളത്തിലുമുണ്ടാവുക. പ്രത്യേക വിമാനങ്ങളില്‍ എത്തുന്നവരെ പുറത്തിറങ്ങുന്നതോടെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റുള്ളവര്‍ക്ക് പ്രത്യേക നിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കും.

sameeksha-malabarinews

94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയര്‍ സെന്ററുകളാണ് നിലവില്‍ ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും സ്വകാര്യ ഹോട്ടലുകളും ഇതിലുള്‍പ്പെടും. 2,051 സിംഗിള്‍ റൂമുകളും 3,048 ഡബിള്‍ റൂമുകളും 715 മറ്റ് റൂമുകളുമാണ് ഈ കേന്ദ്രങ്ങളില്‍ ആകെയുള്ളത്. 200 കേന്ദ്രങ്ങളിലായി 11,778 പേരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്. ആവശ്യമാവുന്ന മുറയ്ക്ക് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കാനും നടപടികളായിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്കെല്ലാം ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്ര ദിവസത്തെ പ്രത്യേക നിരീക്ഷണം നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ആരോഗ്യം, പൊലീസ്, മോട്ടോര്‍ വാഹനം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ സേവനവും പ്രവാസികളുടെ തിരിച്ചെത്തലുമായി ബന്ധപ്പെട്ട് ക്രമീകരിച്ചുട്ടുണ്ട്. ഇന്ന് (മെയ് 06) ഉച്ച തിരിഞ്ഞ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സംയുക്ത യോഗവും ചേരുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!