Section

malabari-logo-mobile

വാക്സിനോട് വിമുഖത അരുത്; വാക്സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Do not be averse to the vaccine; Those who are not vaccinated should be vaccinated as soon as possible: Minister Veena George

തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ വാക്സിനേഷന്‍ കേന്ദ്രങ്ങളും ലഭ്യമാണ്. 1200 ഓളം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആള്‍ക്കാര്‍ തീരെ കുറവാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ 5 വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താല്‍ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 5,65,432 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 1,28,997 പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. ആരും വാക്സിനേഷനോട് വിമുഖത കാണിക്കരുത്. ഇനിയും വാക്സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കോവിന്‍ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തോ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനം പേര്‍ക്ക് (2,48,50,307) ആദ്യ ഡോസും 42.83 ശതമാനം പേര്‍ക്ക് (1,14,40,770) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,62,91,077 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. കേന്ദ്രത്തിന്റെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം പതിനെട്ടര ലക്ഷത്തോളം പേരാണ് വാക്സിനെടുക്കാനുള്ളത്. അതില്‍ തന്നെ കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേര്‍ക്ക് 3 മാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍ മതി. അതിനാല്‍ ഇനി എട്ടര ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്.

sameeksha-malabarinews

കോവിഡ് വാക്സിന്‍ എടുത്താല്‍ കോവിഡ് വരാനുള്ള സാധ്യത കുറയ്ക്കുകയും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 1,22,407 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി അല്ലെങ്കില്‍ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള കാലയളവില്‍ ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12, 12, 24, 10, 8, 13 ശതമാനം വീതം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതിനെല്ലാം കാരണം നമ്മുടെ വാക്സിനേഷന്‍ കൂടിയാണ്.

എല്ലാ കാലവും സംസ്ഥാനത്തിന് അടച്ചിടാനാകില്ല. ജനങ്ങളുടെ ജീവനും ജീവനോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. കോളേജുകള്‍ തുറന്നു തുടങ്ങി. സ്‌കൂളുകളും അടുത്തമാസം ആദ്യത്തോടെ തുറക്കും. ആ സമയത്ത് കുറച്ചുപേര്‍ വാക്സിന്‍ എടുക്കാതെ വിമുഖത കാണിച്ച് മാറി നില്‍ക്കുന്നത് സമൂഹത്തിന് തന്നെ ആപത്താണ്. അതിനാല്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!