Section

malabari-logo-mobile

കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും നിരീക്ഷണം കൂടുതല്‍ ശക്തമാക്കി

HIGHLIGHTS : സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍; 293 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍ തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും നിരീക്ഷ...

സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍; 293 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ വിമാനത്താവളങ്ങളില്‍ എത്തുന്നുണ്ട്. എല്ലാവരെയും കൃത്യമായി പരിശോധിക്കുന്നുണ്ട്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 1179 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. അവര്‍ക്ക് പ്രത്യേക പരിചരണമാണ് നല്‍കുന്നത്. കോട്ടയത്ത് 60 പേര്‍ നിരീക്ഷണത്തിലാണ്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്‌കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് നേരത്തെ വന്നവരെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശ്രമം നടക്കുന്നുണ്ട്. പരീക്ഷയെഴുതാന്‍ സ്‌കൂളുകളില്‍ വരുന്ന കുട്ടികള്‍ക്ക് പ്രത്യേക മുറിയും സൗകര്യങ്ങളും സ്‌കൂള്‍ അധികൃതര്‍ തന്നെ ചെയ്തു കൊടുക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളില്‍ നല്ല ബോധവത്ക്കരണം നടത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് പേര്‍ ഹൈ റിസ്‌കിലുള്ളവരാണ്. ഇടയ്ക്ക് ആരോഗ്യ നിലയില്‍ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോള്‍ തൃപ്തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ. എസ്. ഡി. പിയ്ക്ക് പുറമെ ഫാര്‍മസി കോളേജും സാനിറ്റൈസര്‍ തയ്യാറാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

sameeksha-malabarinews

പത്തനംതിട്ടയില്‍ രോഗം ബാധിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത് ഫലപ്രദമാണ്. ഇതുകണ്ട് നിരവധി പേര്‍ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. കോട്ടയത്തും ഈ രീതി പ്രയോഗത്തില്‍വരുത്തും. രോഗബാധിതരായവര്‍ സന്ദര്‍ശിച്ച സ്ഥലം, തീയതി, സമയം തുടങ്ങിയ വിവരം ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!