Section

malabari-logo-mobile

കോന്നി മെഡിക്കല്‍ കോളേജ്: അത്യാഹിത വിഭാഗം ജൂലൈ അവസാനം; മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

HIGHLIGHTS : Connie Medical College: Emergency Department End of July; The high-level meeting was chaired by Minister Veena George

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ശബരമലയുമായി ഏറെ അടുത്തുള്ള മെഡിക്കല്‍ കോളേജാണ് കോന്നി മെഡിക്കല്‍ കോളേജ്. ശബരിമലക്കാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്. അത്യാഹിത വിഭാഗത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം. മൂന്ന് മാസത്തിനകം ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതാണ്. എത്രയും വേഗം ആശുപത്രി വികസന സമിതി രൂപീകരിക്കാനും നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യുന്നതിന് കൂടിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കോന്നി മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സംവിധാനം വര്‍ധിപ്പിക്കുന്നതാണ്. ഒപി സംവിധാനം ശക്തപ്പെടുത്തിയ ശേഷം അത്യാഹിത വിഭാഗം, ഐസിയു സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും സജ്ജമാക്കുന്നതാണ്. ജീവനക്കാരെ എത്രയും വേഗം നിയമിക്കാനുള്ള നടപടി സ്വീകരിക്കും. വര്‍ക്കിംഗ് അറേജ്മെന്റില്‍ പോയ ജീവനക്കാരെ തിരിച്ചു വിളിക്കുന്നതാണ്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും ജീവനക്കാരെ നിയമിക്കും. അധിക തസ്തികള്‍ സൃഷ്ടിക്കാനായുള്ള പ്രൊപ്പോസല്‍ പരിശോധിച്ച് അത്യാവശ്യമായത് സര്‍ക്കാരിന് നല്‍കേണ്ടതാണ്.

sameeksha-malabarinews

മൂന്നാം തരംഗത്തെ നേരിടാന്‍ ജില്ലയിലാകെ സഹായകമാകാന്‍ മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിഭാഗം ആരംഭിക്കുന്നതാണ്. മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി പീഡിയാട്രിക് ഐ.സി.യു. സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പ്രധാന ഉപകരണങ്ങളെല്ലാം കെ.എം.എസ്.സി.എല്‍. എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ എത്രയും വേഗം എത്തിക്കുന്നതാണ്. സ്വീവേജ് ട്രീറ്റിംഗ് പ്ലാന്റ്, ഫയര്‍ ടാങ്ക് എന്നിവ സജ്ജമാക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതാണ്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടറെ ചുമതലപ്പെടുത്തി. എം.ബി.ബി.എസ്. കോഴ്സ് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ലോക്ഡൗണ്‍ മാറിയാലുടന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നതാണ്.

കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ., ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാര്‍, ഡിഎംഒ ഡോ. എ.എല്‍. ഷീജ, ഡിപിഎം ഡോ. എബി സുഷന്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!