Section

malabari-logo-mobile

ഉമ്മന്‍ചാണ്ടിയുടെ വലംകൈ സിദ്ദീഖും മറുപക്ഷത്തേക്ക്: എ ഗ്രൂപ്പിന്റെ നാളുകള്‍ എണ്ണപ്പെട്ടോ?

HIGHLIGHTS : തിരുവനന്തപുരം: ഡിസിസി അധ്യക്ഷപദവിയിലേക്കുള്ള പട്ടിക ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ വാട്ടര്‍ ലൂ ആകുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിരവ...

തിരുവനന്തപുരം: ഡിസിസി അധ്യക്ഷപദവിയിലേക്കുള്ള പട്ടിക ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിന്റെ വാട്ടര്‍ ലൂ ആകുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിരവധി കളം മാറ്റിചവിട്ടലുകളാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രണ്ട് ദിവസമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും അധികം പരിക്കേല്‍ക്കുക ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എ ഗ്രൂപ്പിന്റെ ശക്തരായ വ്യക്താക്കളായിരുന്ന തിരവഞ്ചൂര്‍ രാധാകൃഷ്ണനും, ടി.സിദ്ദീഖുമാണ് മറുകണ്ടം ചാടിയിരിക്കുന്നത്.

പ്രതിപക്ഷനേതാവായി വിഡി സതീശനും, കെപിസിസി പ്രസിഡന്റായി കെ. സുധാകരനും നേതൃത്വത്തിലെത്തിയപ്പോള്‍ മുതല്‍ രണ്ടാംനിര നേതാക്കളില്‍ പലരും മെല്ലെ മെല്ലെ ആടിത്തുടങ്ങിയിരുന്നു. രമേശ് ചെന്നിത്തല മാറുമെന്ന ഘട്ടം വന്നപ്പോള്‍ സീനിയര്‍ നിയമസഭാ സാമാജികായ തിരവഞ്ചൂരിനെ പ്രതിപക്ഷേതാവാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ഇതിന് പിന്തുണ നല്‍കാഞ്ഞത് തിരുവഞ്ചൂരിനെ ഏറെ വേദനിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയപ്പോള്‍ ആദ്യം സുധാകരന് പിന്തുണ പ്രഖ്യാപിച്ച് എ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ചത് തിരുവഞ്ചൂരായിരുന്നു. ഇപ്പോള്‍ ഡിസിസി പട്ടികയുടെ പേരില്‍ നേരിട്ട് തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ നേതൃത്വത്തിനെതിരെ പടക്കിറങ്ങിയപ്പോള്‍ പ്രതിരോധിക്കാന്‍ മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ തന്നെ രംഗത്തിറങ്ങിയത് ഉമ്മന്‍ചാണ്ടിക്ക് കനത്തതിരിച്ചടിയായി.

sameeksha-malabarinews

ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെട്ടിരുന്ന ടി സിദ്ദീഖിന്റെ മറുകണ്ടം ചാടലും അദ്ദേഹത്തിന് കനത്ത തിരിച്ചടിയാണ്. സോളാര്‍ കേസിന്റെ സമയത്ത് ടെലിവിഷന്‍ ഫ്‌ളോറുകളില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ചാവേറായ നേതാവാണ് സിദ്ദീഖ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ നേതൃത്വം നിലവില്‍ വന്നതോടെ തന്നെ സിദ്ദീഖ് പുതിയ മേച്ചില്‍ പുറത്തേക്ക് ചാഞ്ഞുതുടങ്ങിയിരുന്നു. എ ഗ്രൂപ്പിന്റെ പ്രതിനിധികള്‍ സ്ഥിരം തെരഞ്ഞെടുക്കപ്പെടുന്ന കോഴിക്കോട്ട് ഇത്തവണ പ്രവീണിനെ അധ്യക്ഷനാക്കിയപ്പോള്‍ എ ഗ്രൂപ്പ്‌നേതാക്കള്‍ സിദ്ദീഖിനെതിരെ രംഗത്തെത്തിയിരുന്നു. കെപിസിസി സക്രട്ടറി ബാലകൃഷ്ണന്‍ കിടാവിന്റെ പേര് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചെങ്കിലും, കെപിസിസി വര്‍ക്കിങ് പ്രസിഡന്റായാ സിദ്ധീഖ് ഐ ഗ്രൂപ്പുകാരനായ കെ പ്രവീണ്‍ കുമാറിനെ പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ട്.

ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ കഴിഞ്ഞ ദിവസം സുധാകരന്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉമ്മന്‍ചാണ്ടി നല്‍കിയ പേരുകളടങ്ങിയ ഡയറി ഉയര്‍ത്തിക്കാട്ടിയ നടപടിയെ പോലും അനുകൂലിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താനാകട്ടെ ഉമ്മന്‍ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും പുതിയ പാര്‍ട്ടിയുണ്ടാക്കാമെന്ന തരത്തിലുള്ള പ്രസ്താവന വരെ നടത്തുന്ന സ്ഥിതിയെത്തി.

അച്ചടക്കലംഘനം അനുവദിക്കാനാവില്ലെന്ന ഹൈക്കമാന്റ് നിലപാടുകൂടി പുതിയ നേതൃത്വത്തിന് തുണയാകുമ്പോള്‍ വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിന് എത്രത്തോളം പിടിച്ചുനില്‍ക്കാനാവുമെന്ന് കണ്ടുതന്നെ അറിയണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!