Section

malabari-logo-mobile

ട്രോമകെയര്‍ പരിശീലനത്തിന് എ.ടി.ഇ.എല്‍.സിയില്‍ 25,000 ചതുരശ്ര അടിയില്‍ പുതിയ സംവിധാനമെന്ന് മുഖ്യമന്ത്രി

HIGHLIGHTS : CM says 25,000 square feet new facility at ATELC for trauma care training

ട്രോമാകെയര്‍, എമര്‍ജന്‍സി മെഡിസിന്‍ മേഖലയിലെ വിപുലമായ പരിശീലന പദ്ധതിക്കായി തിരുവനന്തപുരത്തെ അപക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററില്‍ (എ.ടി.ഇ.എല്‍.സി) 25,000 ചതുരശ്ര അടിയില്‍ പുതിയ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രോമകെയര്‍, എമര്‍ജന്‍സി മെഡിസിന്‍ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ ഉദാഹരണമാണ് 2021ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ എ.ടി.ഇ.എല്‍.സി. ‘ടാറ്റ ട്രസ്റ്റിന്റെ സ്പോണ്‍സര്‍ഷിപ്പോടെ 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തില്‍ തുടങ്ങിയ ഈ കേന്ദ്രത്തില്‍ അഞ്ച് കോഴ്സുകളാണ് നടത്തുന്നത്. ഇവ കൂടുതല്‍ വിപുലീകരിക്കാനും കൂടുതല്‍ മികവുറ്റ പരിശീലനം നല്‍കാനുമായി പുതുതായി 25,000 ചതുരശ്ര അടി സ്ഥലം കൂടി അനുവദിക്കും. ട്രെയിനിങ് ഇന്‍ മിനിമം ആക്സസ് പ്രൊസീജിയര്‍ സജ്ജീകരിക്കാന്‍ ആണിത്, ‘ മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

അപകടത്തില്‍പ്പെട്ട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന ആളുടെ ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗത്ത് ലോകോത്തര മാതൃക സൃഷ്ടിച്ച കേരളം എമര്‍ജന്‍സി മെഡിസിന്‍, ട്രോമകെയര്‍ രംഗത്തും മുന്‍പന്തിയിലാണ്. ദേശീയ മെഡിക്കല്‍ മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി സ്വന്തം നിലയില്‍ ട്രോമ പോളിസി ഡോക്യുമെന്റ് തയ്യാറാക്കി പ്രവര്‍ത്തിക്കുന്ന കേരളം ഈ മേഖലയിലെ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള ശ്രമത്തിലാണ്.

ജില്ലാ, താലൂക്ക് തല ആശുപത്രികളിലെ എമര്‍ജന്‍സി ട്രോമകെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍ എന്നിവ ധൃതഗതിയില്‍ നടന്നുവരുന്നു.

തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ വകുപ്പ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 106 പുതിയ തസ്തികകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ അനുവദിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ മാതൃകാ വിഭാഗം ആയി ഉയര്‍ത്താനുള്ള നടപടിയിലാണ്. അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ലഭ്യമാക്കും.

സംസ്ഥാനത്തെ ദേശീയപാതകളില്‍ 315 അപകട മേഖലകള്‍ കണ്ടെത്തി അവ കേന്ദ്രീകൃത ആംബുലന്‍സ് നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആംബുലന്‍സുകള്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, എന്നിവയെല്ലാം കേന്ദ്രീകൃത നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടും.

അപകടം സംഭവിച്ചാല്‍ ഉടന്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത ആംബുലന്‍സ് കുതിച്ച് എത്തുകയും രോഗിയെ സമയം നഷ്ടപ്പെടാതെ തൊട്ടടുത്ത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയും ചെയ്യും.

ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളുടെ അപകടാവസ്ഥ അനുസരിച്ച് ട്രയേജ് സമ്പ്രദായം നടപ്പാക്കി. കേരള ട്രോമ പോളിസി അനുസരിച്ച് ആശുപത്രികളില്‍ റഫറല്‍, ബാക്ക് റഫറല്‍ രീതികള്‍ ശക്തമായ നിലയില്‍ നടപ്പാക്കാന്‍ പദ്ധതിയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആശുപത്രികളിലെ അനാവശ്യ തിരക്ക് നിയന്ത്രിക്കാനാണിത്.

സുശക്തമായ പൊതുജന ആരോഗ്യമേഖല അടിത്തറയാക്കി ആരോഗ്യ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയ സംസ്ഥാനം ഇന്ന് ബയോടെക്നോളജി, വൈറോളജി, ജീനോമിക്സ് മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ദ്രം മിഷന്‍ വഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്… എല്ലാം ആരോഗ്യ രംഗത്തെ മികവിന് ഉദാഹരണങ്ങളാണ്. പരിപാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് പുതിയ ഒരു തുടക്കത്തിന്റെ നാന്ദി കുറിക്കലാണെന്ന് മന്ത്രി പറഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗുണമേന്മയുള്ള ചികിത്സ നല്‍കി രോഗിയുടെ ജീവന്‍ രക്ഷിക്കലാണ് ട്രോമാകെയറിന്റെ ലക്ഷ്യം. അത്യാഹിത വിഭാഗത്തിലെ ചികിത്സയില്‍ മാറ്റങ്ങളുടെ തുടക്കം കുറിച്ചാണ് ആശുപത്രികളിലെ കാഷ്വാലിറ്റികളെ ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ എന്ന് പുനര്‍നാമകരണം ചെയ്തത്.

സംസ്ഥാന ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ലോകാരോഗ്യ സംഘടനാ പ്രതിനിധി പെയ്ഡന്‍, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!