കോഴിക്കോട് ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാമനാട്ടുകര – വെങ്ങളം റോഡ് പ്രവൃത്തികള്‍ 2024 ഓടെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വേങ്ങേരി അണ്ടര്‍പാസ് ഭാഗത്തെ ദേശീയപാത വികസന പ്രവര്‍ത്തികളുടെ പുരോഗതി വിലയിരുത്താനായി നടത്തിയ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലാകെ 2025 ഓടെ ദേശീയപാത വികസനം പൂര്‍ത്തിയാവും. ദേശീയപാത വികസന പ്രവര്‍ത്തികളുടെ കാര്യത്തില്‍ കോഴിക്കോട് ജില്ല മുന്‍പന്തിയിലാണെന്നും ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാകേണ്ട പ്രവര്‍ത്തികള്‍ മാര്‍ച്ചില്‍ തന്നെ അവസാനിക്കുന്ന വിധമാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും ചൂണ്ടിക്കാണിച്ചിരുന്നു. അവ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
എന്‍ എച്ച് എ ഐ പ്രൊജക്ട് ഡയറക്ടര്‍ അഭിഷേക് തോമസ് വര്‍ഗീസ്, പ്രൊജക്ട് മാനേജര്‍ ദേവരാജലു റെഡ്ഡി തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


