പവിത്രസ്മരണകളുമായി ബാപ്പുകുടിയുടെ മുന്നില്‍; മുഖ്യമന്ത്രി

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും നാഗ്പൂരിനടുത്തുള്ള വര്‍ധ ഗാന്ധി സേവാഗ്രാമില്‍ കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ പോയത്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സമിതി യോഗത്തോട് അനുബന്ധിച്ചാണ് എനിക്കീ അവസരം കിട്ടിയത്. പക്ഷേ മുഖ്യലക്ഷ്യം സേവാഗ്രാം തന്നെയായിരുന്നു.

photo 1 (1)മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും നാഗ്പൂരിനടുത്തുള്ള വര്‍ധ ഗാന്ധി സേവാഗ്രാമില്‍ കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ പോയത്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സമിതി യോഗത്തോട് അനുബന്ധിച്ചാണ് എനിക്കീ അവസരം കിട്ടിയത്. പക്ഷേ മുഖ്യലക്ഷ്യം സേവാഗ്രാം തന്നെയായിരുന്നു. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് 1930ല്‍ ദണ്ഡി യാത്ര നടത്തിയശേഷം സ്വാതന്ത്ര്യം കിട്ടാതെ താനിനി അങ്ങോട്ടില്ലെന്നു ഗാന്ധിജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സേവാഗ്രാമിനു തുടക്കമിട്ടത്. 1936 മുതല്‍ പത്തുവര്‍ഷത്തോളം യാതൊരു സൗകര്യങ്ങളുമില്ലാത്ത ഇവിടെയിരുന്നാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഗാന്ധിജി എന്താണെന്നു മനസിലാക്കാന്‍ സേവാഗ്രാമത്തിലൂടെ കണ്ണോടിച്ചാല്‍ മതി. ഇവിടെ ലാളിത്യം അടിമുടി തുളുമ്പി നില്ക്കുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഒത്തുകൂടി പ്രാര്‍ത്ഥിക്കുകയും ജോലി ചെയ്യുകയും മറ്റും ചെയ്തിരുന്ന സ്ഥലങ്ങള്‍ അതുപോലെ സംരക്ഷിച്ചിരിക്കുന്നു. ബാപ്പു താമസിച്ചിരുന്ന ബാപ്പുകുടി, കസ്തൂര്‍ബാ താമസിച്ചിരുന്ന ബാകുടി തുടങ്ങിയ മുറികള്‍ അനാര്‍ഭാടംകൊണ്ട് ശ്രദ്ധേയമാണ്. ഗാന്ധിജി വ്രണങ്ങള്‍ കഴുകിത്തുടയ്ക്കുമായിരുന്ന കുഷ്ഠരോഗിയായ പര്‍ച്ചുരെ ശാസ്ത്രി താമസിച്ചിരുന്ന കുടിലും ഇതിനടുത്തു തന്നെ. ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നെന്ന് വിശ്വസിക്കാന്‍ വരും തലമുറകള്‍ പ്രയാസപ്പെടുമെന്ന് വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത് എത്ര ശരിയാണെന്ന് സേവാഗ്രാം സന്ദര്‍ശനം വീണ്ടും എന്നെ ബോധ്യപ്പെടുത്തി.

അഭിമാനകരമായ നേട്ടത്തിന്റെ നെറുകയില്‍ നിന്നാണ് രാഷ്ട്രം 68-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനത്തോടെ തലഉയര്‍ത്തി നില്ക്കാനും ആഹ്ലാദിക്കാനുമുണ്ട് ഒട്ടേറെ കാര്യങ്ങള്‍. ഏഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ പ്രബല സാമ്പത്തികശക്തിയായി മാറി. അരിയും ഗോതമ്പും തുണിയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിരുന്ന ഈ നാട്ടിലെ ഗോഡൗണുകള്‍ ഇന്നു നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ചൊവ്വ പര്യവേക്ഷണം, ചാന്ദ്രയാന്‍ ദൗത്യം, ഉപഗ്രഹ വിക്ഷേപണം, അത്യന്താധുനിക മിസൈലുകള്‍, ആണവോര്‍ജം തുടങ്ങി ശാസ്ത്രസാങ്കേതികരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ രാജ്യത്തിനു സാധിച്ചു. അതോടൊപ്പം, ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലുതും കരുത്തുമുള്ള ജനാധിപത്യമായി മാറി. യുദ്ധങ്ങളെയും ഭീകരപ്രസ്ഥാനങ്ങളെയും അതിജീവിച്ചു. എല്ലാവിധ വിഭാഗീയതകളേയും മറികടന്ന് ഇന്ത്യ മതേതരത്വത്തെ കാത്തുസൂക്ഷിച്ചു. ഭാരതം ഇന്നു കൈവരിച്ച നേട്ടം മറ്റേതു രാജ്യങ്ങളോടും കിടപിടിക്കത്തക്കതാണ്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പല രാജ്യങ്ങളും പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും കാലിടറി വീണപ്പോള്‍, മൂവര്‍ണക്കൊടി പാറിനിന്നു. കാരണം, ഗാന്ധിജി പകര്‍ന്നു തന്ന കാഴ്ചപ്പാടുകളും മൂല്യങ്ങളുമാണ് നമ്മുടെ അടിത്തറ. രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയവരൊക്കെ ഗാന്ധിയന്‍ മൂല്യങ്ങളെ സ്വാംശീകരിച്ചവരാണ്.
രാജ്യം കൈവരിച്ച ഈ നേട്ടങ്ങള്‍, കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു പ്രചോദനം പകരുന്നു. ഇനിയും നമുക്കു പരിഹരിക്കാന്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. എന്നാല്‍, ഈ പ്രശ്‌നങ്ങളെ പെരുപ്പിച്ചുകാട്ടി, നമ്മുടെ നേട്ടങ്ങളെ കാണാതെ പോകുന്നതും രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും സമര്‍പ്പിച്ചവരെ മറന്നുപോകുന്നതും നീതികേടാണ്. മഹാത്മാഗാന്ധിപോലും അവമതിക്കപ്പെടുന്നത് ഞെട്ടലോടു കൂടി മാത്രമേ കാണാന്‍ കഴിയൂ.
photo 3ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സംഭവങ്ങള്‍ എന്ന പേരില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്റര്‍നാഷണല്‍ ബൃഹത്തായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത്, ഇതാ സന്യാസിയായ ഒരു നേതാവ് എന്ന ആമുഖത്തോടെയാണ്. വരുന്ന നൂറ്റാണ്ട് അതിന്റെ ബുദ്ധിചക്രവാളം പരിപൂര്‍ണമായി തുറക്കുന്ന വേളയില്‍ ഏറ്റവും സ്ഫുടമായി തെളിഞ്ഞുകാണുന്ന അനശ്വരാത്മാവ് ഗാന്ധിജി ആയിരിക്കുമെന്ന് അവര്‍ വിലയിരുത്തി. ലോകചരിത്രത്തില്‍ ഗാന്ധിജിയുടെ സ്ഥാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് ചരിത്ര പണ്ഡിതന്‍ ആര്‍നോള്‍ഡ് ടോയന്‍ബി എഴുതിവച്ചു. ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ട് 2007 മുതല്‍ ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും മരണമില്ല. അവയുടെ പ്രസക്തി ഏറിവരുകയുമാണ്.
അഹിംസാമന്ത്രവുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നേരിട്ട അദ്ദേഹത്തിന്റെ വീക്ഷണവും പ്രവര്‍ത്തനങ്ങളും ഒരു ജനതയുടെ മോചനത്തില്‍ ഒതുങ്ങിയിരുന്നില്ല. സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മറിച്ച ഒരു നവസമൂഹരചനയ്ക്കാണെന്നും അതു നേടുന്നതിനുള്ള യാത്രയില്‍ മുന്നിലുള്ള തടസ്സങ്ങളിലൊന്നുമാത്രമാണ് ബ്രിട്ടീഷ് ഭരണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ലോകം ഗാന്ധിജിയിലേക്ക് അടുത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം കൊണ്ടുവന്ന അസാധാരണമായ രീതികളിലൂടെയാണ്. ത്യാഗനിര്‍ഭരമായ സഹനസമരത്തിലൂടെ, സത്യത്തെയും അഹിംസയെയും മുറുകെപ്പിടിച്ചുകൊണ്ടു നേടിയ സ്വാതന്ത്ര്യം ലോകചരിത്രത്തിലെ വേറിട്ട അധ്യായമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും രക്തം വാര്‍ന്നൊഴുകുമ്പോള്‍ സഹനസമരങ്ങളുടെ പ്രസക്തിയിലേക്ക് ലോകം വീണ്ടും ഉറ്റുനോക്കുകയാണ്.
ലോകത്തു നടക്കുന്ന അക്രമങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് വ്യത്യസ്ത മതവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളാണ്. വിവിധ മതസ്ഥര്‍ പരസ്പരം മനസ്സിലാക്കിയാല്‍ കലാപങ്ങളില്‍ ഏറിയ പങ്കും ഒഴിവാക്കാം. മതങ്ങള്‍ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. വിവിധ മതവിശ്വാസികള്‍ ചേര്‍ന്ന കൂട്ടായ്മകള്‍ക്ക് ഗാന്ധി രൂപം കൊടുക്കുകയും ഒന്നിച്ച് ജീവിക്കാനും ഒന്നിച്ച് പണിയെടുക്കാനും അവസരമൊരുക്കുകയും ചെയ്തു. ”ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്നമതക്കാരുടെ പരസ്പരബഹുമാനവും സഹിഷ്ണുതയുമാണ്. നിര്‍ജീവമായ ഐകരൂപ്യമല്ല നാനാത്വത്തിന്റെ ഏകത്വമാണ് നമുക്കാവശ്യം” – അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വിശ്വാസങ്ങള്‍ തമ്മിലുള്ള സംവാദം ആധുനിക ലോകം ഇന്നു പ്രതീക്ഷയോടെ നോക്കുന്ന സുവര്‍ണ സിദ്ധാന്തമാണ്.
പൂര്‍ണസ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍ സാമ്പത്തിക സമത്വമാണെന്നും, സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് നികത്താത്തിടത്തോളം കാലം അഹിംസാത്മകമായ ഭരണസംവിധാനം അസാധ്യമാണെന്നും, സമ്പത്തും അതില്‍ നിന്ന് ഉണ്ടാകുന്ന ശക്തിയും പൊതുനന്മയ്ക്കു വേണ്ടി പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ രക്തരൂക്ഷിതമായ വിപ്ലവം ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പ്രവചിച്ചു. അത് ഇന്നു ലോകത്ത് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. ”നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കല്പിച്ചുനോക്കുക. എന്നിട്ട് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചുനോക്കുക.” ഗാന്ധിയുടെ ഈ രക്ഷാസൂത്രം ഭരണകര്‍ത്താക്കള്‍ എക്കാലവും നെഞ്ചോടുചേര്‍ക്കേണ്ടതാണ്.
ആഗോളതാപനത്തിനും പരിസ്ഥിതി വ്യതിയാനത്തിനും ഉത്തരം ഗാന്ധിജിയിലുണ്ട്. വിഭവങ്ങളെ സംരക്ഷിക്കുകയും സമാഹരിക്കുകയും അവയെ നീതിപൂര്‍വം വിതരണം ചെയ്യുകയും വേണമെന്ന സുസ്ഥിരവികസന കാഴ്ചപ്പാട് ലോകമന:സാക്ഷിയുടെ മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് ഗാന്ധിജിയാണ്. ഭൂമുഖത്ത് എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഉണ്ട്; എന്നാല്‍, ആരുടെയും ആര്‍ത്തിക്ക് തികയുകയുമില്ല എന്നത് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വിഭവങ്ങളെ ധൂര്‍ത്തടിക്കാതിരിക്കാനുമുള്ള ഗാന്ധിജിയുടെ താക്കീതാണ്.
ഗാന്ധിജിയുടെ മറ്റൊരു പ്രധാനപ്പെട്ട കര്‍മമണ്ഡലം അയിത്തോച്ചാടനമായിരുന്നു. ദളിതരെ അദ്ദേഹം ദൈവത്തിന്റെ മക്കള്‍ എന്നു വിളിച്ചു. അവരോടൊത്ത് സഹവസിച്ചും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരപരമ്പരകള്‍ അഴിച്ചുവിട്ടും ഗാന്ധിജി അവര്‍ണര്‍ക്കുവേണ്ടി നിലകൊണ്ടു. കക്കൂസുപോലും സ്വന്തം കൈകൊണ്ടു വൃത്തിയാക്കി മാതൃക കാട്ടി. അവര്‍ണരെ ഹിന്ദു സമുദായത്തില്‍ നിന്ന് വേര്‍തിരിച്ച് വോട്ടവകാശം നല്കാനുള്ള ബ്രിട്ടീഷുകാരുടെ വിഭജിക്കല്‍ തന്ത്രത്തിനെതിരേ ഗാന്ധിജി യര്‍വാദാ ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു. സാമൂഹികപരിഷ്‌കരണം ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി. കേരളത്തിലെ അയിത്തോച്ചാടന പോരാട്ടങ്ങള്‍ക്ക് ഗാന്ധിജിയുടെ മാര്‍ഗനിര്‍ദേശവും അനുഗ്രഹവുമുണ്ടായിരുന്നു. ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും സന്ദര്‍ശിച്ചു. ഹരിജന്‍ കോളനികള്‍ കണ്ടു. ഹരിജന്‍ സേവക് സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിച്ചു. ക്ഷേത്രപ്രവേശന വിളംബരം ഗാന്ധിമാര്‍ഗ പ്രവര്‍ത്തനങ്ങളുടെ വിജയപ്രഖ്യാപനം കൂടിയായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദളിത് വിരുദ്ധനെന്നു ചിലര്‍ വിമര്‍ശിച്ചു.
ഗാന്ധിജിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചാണ് സേവാഗ്രാം സന്ദര്‍ശിക്കുന്നവര്‍ അവിടെനിന്നു മടങ്ങുന്നത്. ഒരു വിശുദ്ധ സ്ഥലം സന്ദര്‍ശിച്ചു മടങ്ങിയതുപോലെ ആ ഓര്‍മകള്‍ ഞാന്‍ കാത്തുസൂക്ഷിക്കുന്നു. ബാപ്പുകുടിയുടെ മുന്നില്‍ ഏഴ് സാമൂഹിക തിന്മകള്‍ എഴുതിവച്ചിട്ടുണ്ട്- ആദര്‍ശമില്ലാത്ത രാഷ്ട്രീയം, ജോലി ചെയ്യാതെ സമ്പാദിച്ച സ്വത്ത്, സന്മാര്‍ഗീയത ഇല്ലാത്ത വ്യവസായം, സ്വഭാവഗുണമില്ലാത്ത വിദ്യാഭ്യാസം, മന:സാക്ഷിയില്ലാത്ത ആനന്ദം, മാനവികത ഇല്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത ഉപാസന എന്നിവയാണവ. സ്വാതന്ത്യത്തിന്റെ സത്തയും അര്‍ഥവും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്ന വാക്കുകള്‍.