Section

malabari-logo-mobile

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഗൗരവമായ പരിഗണന നല്‍കും;മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : Chief Minister Pinarayi Vijayan will give serious consideration to the problems of fishermen

കോഴിക്കോട്:മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനു പ്രതിജ്ഞാബദ്ധമായ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കോഴിക്കോട് ജില്ലയിലെ പുതിയാപ്പ മത്സ്യബന്ധന തുറമുഖത്ത് പൂര്‍ത്തീകരിച്ച ഫിംഗര്‍ ജെട്ടികളുടെയും ലോക്കര്‍ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കു സര്‍ക്കാര്‍ ഗൗരവതരമായ പരിഗണനയാണ് നല്‍കുന്നത്. തെക്കേ പുലിമുട്ടില്‍ നിന്നും 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളും 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് പുതിയാപ്പയില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതോടെ ഹാര്‍ബറിലെ അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

1982 ല്‍ വിഭാവനം ചെയ്ത പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ 1996 ലാണ് കമ്മീഷന്‍ ചെയ്തത്. ശരാശരി 30 അടി ദൈര്‍ഘ്യമുള്ള 250 യാനങ്ങള്‍ക്കുവേണ്ടിയുള്ള രൂപരേഖയായിരുന്നു അന്ന് തയ്യാറാക്കിയിരുന്നത്. ഈ സൗകര്യങ്ങള്‍ മതിയാകാതെ വന്നതോടെ 2018 ല്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങളാണ് നാടിനു സമര്‍പ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെക്കേ പുലിമുട്ടില്‍ നിന്നും 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള 2 ഫിങ്കര്‍ ജെട്ടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുറമെ ഹാര്‍ബറിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും ശുദ്ധജല വിതരണ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആര്‍ കെ വി വൈ (രാഷ്ട്രീയ കൃഷി വികാസ് യോജന) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി രൂപ ചിലവിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ലോക്കര്‍ മുറികളുടെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ടേകാല്‍ കോടി രൂപ ചിലവില്‍ നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇതു പൂര്‍ത്തീകരിച്ചിട്ടുള്ളത്. 95 ലക്ഷം രൂപ ചിലവില്‍ ഒരു അപ്പ്രോച്ച് റോഡും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുതിയാപ്പ മത്സ്യബന്ധന ഹാര്‍ബറിനെ ആശ്രയിച്ചു കഴിയുന്ന നാലായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ അനുബന്ധ തൊഴിലാളികള്‍ക്കും തികച്ചും ഉപകാരപ്രദമാവും ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

തങ്കശ്ശേരി, ശക്തികുളങ്ങര, കായംകുളം മത്സ്യബന്ധന തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നബാര്‍ഡ് റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെത്തി ഫിഷിംഗ് ഹാര്‍ബറിന് 97.43 കോടി രൂപയും പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബറിന് 112.21 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.
റി-ബില്‍ഡ് കേരള പദ്ധതി വഴി നടപ്പാക്കുന്ന പുതിയങ്ങാടി, ഷിറിയ എന്നിവിടങ്ങളിലെ റിവര്‍ ഡ്രെയിനിംഗ് പ്രവൃത്തികള്‍ക്കായി 52.9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സി ആര്‍ ഇസ്സഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓഖി പാക്കേജില്‍ ഉള്‍പ്പെടുത്തി നീണ്ടകര, കായംകുളം എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ രണ്ടാംഘട്ട വികസനം, മുനമ്പം, കാസര്‍ഗോഡ് എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ പുലിമുട്ടുകളുടെ നീളം വര്‍ധിപ്പിക്കല്‍ എന്നിവക്കായി 54.70 കോടി രൂപ അനുവദിച്ചു. ഇതില്‍ തോട്ടപ്പള്ളി, കായംകുളം എന്നിവ ഒഴിച്ചുള്ള തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മറ്റുള്ളവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 154 തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 80.97 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച 1,848 റോഡുകളില്‍ 1,325 എണ്ണത്തിന്റെ പണി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!