തടങ്കല്‍ പാളയമുയരില്ല : ഉറപ്പുനല്‍കി മുഖ്യമന്ത്രി മലപ്പുറത്ത്

മലപ്പുറം; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, മമ്പുറം തങ്ങളും, കോന്തുണ്ണി നായരും, കുഞ്ഞാലിമുസ്ലിയാരും, മങ്ങാട്ടച്ചനും, ആലിമുസ്ലിയാരും ബ്രഹ്മദത്തന്‍ നമ്പൂതിരപ്പാടും കൈകോര്‍ത്തനാടാണിതെന്നും ഹിന്ദുവും മുസ്ലീമും ഒറ്റക്കെട്ടായി ബ്രിട്ടീഷ്പട്ടാളത്തെ നേരിട്ട മലപ്പുറത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായിവിജയന്‍ മലപ്പുറത്ത്. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ റാലിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ കേരളത്തില്‍ ഒരു തടങ്കല്‍ പാളയവുമുയരില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പുതന്നെയായിരുന്നു സമ്മേളനത്തിനെത്തിയവരെ ഏറെ ആവേശം കൊള്ളിച്ചത്. ഭരണഘടനവിരുദ്ധമായ പൗരത്വ ഭേദഗതിനിയമവും, ദേശീയ ജനസംഖ്യാ രജിസ്റ്ററും, പൗരത്വ രജിസ്റ്ററും കേരളത്തില് നടപ്പിലാക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

മലപ്പുറം കിഴക്കേത്തലയില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖലീല്‍ ബുഖാരി തങ്ങള്‍, ഹുസൈന്‍ മടവൂര്‍, മന്ത്രി കെടി ജലീല്‍, വി അബ്ദുറഹിമാന്‍ എംഎല്‍എ, നജീബ് മൗലവി, കെജി പൗലോസ് എന്നിവര്‍ സംസാരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •