തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അച്ഛന്‍ ജയപ്രകാശ്.
‘സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മകന്‍ മരിച്ചതല്ല കൊന്നതാണ് എന്ന് പറഞ്ഞു. ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം. കേസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാല്‍ മതി.’ ജയപ്രകാശ് പറഞ്ഞു.
ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ടില്‍ എല്ലാം കൃത്യമായി പറയുന്നുണ്ട്. ദേവരാഗിന്റെ പേര് പൊലീസ് അന്വേഷണത്തില്‍ വന്നിരുന്നില്ല. ആന്റി റാഗിംഗ് റിപ്പോര്‍ട്ടില്‍ ഉണ്ട്. അക്ഷയ് സാക്ഷിയല്ല, അക്ഷയ്ക്ക് പങ്കുണ്ട്. അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞ ജയപ്രകാശ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ കാണിച്ചെന്നും മുഖ്യമന്ത്രി എല്ലാം കേട്ടുവെന്നും വ്യക്തമാക്കി.




