കാലിക്കറ്റിന് ഞായറാഴ്ച പിറന്നാള്‍; സസ്യോദ്യാനത്തില്‍ സൗജന്യ പ്രവേശനം; ശാസ്ത്രയാനും ഐഡിയ ഹണ്ടും നടത്തും

കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലക്ക് ഞായാറാഴ്ച അമ്പത്തഞ്ചാം പിറന്നാള്‍. മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി 1968 ജൂലായ് 23-നാണ് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നത്. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ഒരുങ്ങുന്നുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

തുടക്കത്തില്‍ കാസര്‍ഗോഡ് മുതല്‍ തൃശ്ശുര്‍ വരെയായിരുന്നു സര്‍വകലാശാലാ പരിധി. കണ്ണുര്‍ സര്‍വകലാശാല വന്നതോടെ വയനാട് മുതല്‍ തൃശ്ശൂര്‍ വരെയായി. നിലവില്‍ അഞ്ച് ജില്ലകളിലായി 426 അഫിലിയേറ്റഡ് കോളേജുകളാണ് കാലിക്കറ്റിന് കീഴിലുള്ളത്. വയനാട്, തൃശ്ശൂര്‍ ജില്ലകളിലേത് ഉള്‍പ്പെടെ 36 പഠനവകുപ്പുകളുമുണ്ട്. ഇത്തവണ എ പ്ലസ് ഗ്രേഡിന്റെ തിളക്കത്തിലാണ് പിറന്നാള്‍ എന്നത് മാറ്റ് കൂട്ടുന്നു. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച സര്‍വകലാശാലാ സസ്യോദ്യാനവും പാര്‍ക്കും പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നു നല്‍കും. സസ്യോദ്യാനം സാധാരണ ഞായറാഴ്ച തുറക്കാറില്ല. ഇവിടെ പ്രവേശനത്തിന് ടിക്കറ്റും ഉണ്ട്. സ്ഥാപകദിനത്തിന്റെ ഭാഗമായി രാവിലെ 11 മുതല്‍ അഞ്ച് വരെയാണ് സൗജന്യ പ്രവേശനം. ഇതിനായി അവധി ദിനത്തിലും ജീവനക്കാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ അറിയിച്ചു.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കായി വൈസ് ചാന്‍സലറുടെ മെറിറ്റോറിയസ് അവാര്‍ഡ് ഇത്തവണയും നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍വകലാശാലാ കാമ്പസിലെ ശാസ്ത്ര പദ്ധതികളും ഗവേഷണങ്ങളും പരിചയപ്പെടുത്തുന്നതിനായി അടുത്ത മാസം ‘ശാസ്ത്രയാന്‍’ ക്യാമ്പ് നടത്തും. വിദ്യാര്‍ഥികളില്‍ നിന്ന് നൂതനാശയങ്ങള്‍ തേടുന്ന ‘ഐഡിയ ഹണ്ട് ‘ ഒരുങ്ങുന്നുണ്ട്. സംരഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ച് സ്ഥാപകദിനാഘോഷ പരിപാടികള്‍ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍വകലാശാല. ഇതിനായി വൈസ് ചാന്‍സലര്‍ അധ്യക്ഷനായും രജിസ്ട്രാര്‍ കണ്‍വീനറായും സമിതി രൂപവത്കരിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top