Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സംസ്ഥാന ഇ-ലേണിങ് പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക്

HIGHLIGHTS : Calicut University News; State e-learning award to Calicut University EMMRC

സംസ്ഥാന ഇ-ലേണിങ് പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിക്ക്

സംസ്ഥാന ഐ.ടി മിഷന്‍ നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച ഇ-ലേണിങ് സ്ഥാപനത്തിനുള്ള (201921) വര്‍ഷത്തെ അവാര്‍ഡ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇ.എം.എം.ആര്‍.സി. കരസ്ഥമാക്കി. മൂന്നാം തവണയാണ് ഇഎംഎംആര്‍സിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. 2015-ല്‍ ഒന്നാം സ്ഥാനവും 2018-ല്‍ രണ്ടാം സ്ഥാനവും ഇതേ വിഭാഗത്തില്‍ ഇഎംഎംആര്‍സിക്ക് ലഭിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ തന്നെ ഏറ്റവും കൂടൂതല്‍ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത സ്ഥാപനമാണ് കാലിക്കറ്റ് ഇ.എം.എം.ആര്‍.സി. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മികച്ച ഇലക്ട്രോണിക് ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്ന ഇ.എം.എം.ആര്‍സിയുടെ നേട്ടത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു.

sameeksha-malabarinews

ഇ.എം.എം.ആര്‍.സി. യുജിസിക്കും മറ്റു കേന്ദ്ര ഏജന്‍സികള്‍ക്കും വേണ്ടി നിര്‍മിച്ച ഇ-ഉള്ളടക്കങ്ങള്‍ ഇ.എം.എം.ആര്‍.സി. ഹയര്‍ എഡ്യുക്കേഷന്‍ പോര്‍ട്ടലില്‍ 2018 മുതല്‍ ലഭ്യമാണ്. കോവിഡ് വ്യാപനം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട സമയത്ത് ഈ പോര്‍ട്ടല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെട്ടു . 2022-ല്‍ ബധിര-മൂക ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നിര്‍മിച്ചും ഡിജിറ്റല്‍ വിദ്യാഭാസരംഗത്ത് ഇ.എം.എം.ആര്‍.സി. വിപ്ലവം സൃഷ്ടിച്ചു. 2021-ല്‍ വിവിധ വൈഞ്ജാനിക മേഖലകളിലെ ഇംഗ്ലീഷ് ഭാഷയിലുള്ള മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ ഉള്ളടക്കം മലയാള ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതും ശ്രദ്ധിക്കപ്പെട്ടു. മാനവിക-ശാസ്ത്ര സാങ്കേതിക മേഖലയിലെ വൈഞ്ജാനിക ഉള്ളടക്കത്തെ മാതൃഭാഷയിലേക്ക് കൊണ്ടുവരാന്‍ ഈ സംരഭത്തിന് കഴിഞ്ഞു.

ശാസ്ത്രപഠനത്തിനു വേണ്ടിയുള്ള സ്വയംപ്രഭ ടെലിവിഷന്‍ ചാനല്‍-”ആര്യഭട്ട” (ചാനല്‍ നമ്പര്‍ 08). കേന്ദ്രാവിഷ്‌കൃതമായ 34 ചാനലുകളിലെ സുപ്രധാനമായ ഒന്നാണിത്. ഇ.എം.എം.ആര്‍.സി. നിര്‍മിച്ച വിനോദപ്രദവും വൈജ്ഞാനികപ്രദാനമയ ഡോക്യുമെന്ററികള്‍ നിരവധി ദേശിയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പ്രസിദ്ധ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ആയ എന്‍.സി.ഇ.ആര്‍.ടി. നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ മുംബൈ ഫിലിം ഫെസ്റ്റിവല്‍, സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം എന്നിവയില്‍ പല വിഭാഗങ്ങളിലായി കാലിക്കറ്റ് ഇ.എം.എം.ആര്‍.സി. പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പ്ലാറ്റ്‌ഫോമായ സ്വയത്തില്‍ (www.swayam.org) ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുത്ത കോഴ്‌സും ഇ.എം.എം.ആര്‍.സിയുടേതാണ്. 2022-ല്‍ കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ച ‘നാക്’ സംഘം ഇ.എം.എം.ആര്‍.സിയുടെ സേവനങ്ങളെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ ഐ.ടി. സെക്രട്ടറിയായിരുന്ന ഡോ.അരുണ സുന്ദര്‍രാജ് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി. ഡോ. സജി ഗോപിനാഥും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സെബാസ്റ്റ്യന്‍ പോളും മറ്റു ഐ.ടി. വിദഗ്ധരും സമിതിയില്‍ ഉണ്ടായിരുന്നു.

എന്‍.എസ്.എസ്. ഓറിയന്റേഷന് ആപ്പ് ഡോ. ടി.എല്‍. സോണിക്ക് ഇ-ഗവേണന്‍സ് പുരസ്‌കാരം

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. എല്‍. സോണിക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഇ-ഗവേണന്‍സ് അവാര്‍ഡ്. തൃശ്ശൂര്‍ ശ്രീ. സി. അച്യുതമേനോന്‍ ഗവ. കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായിരിക്കെ വികസിപ്പിച്ചെടുത്ത എന്‍.എസ്.എസ്. ഓറിയന്റേഷന്‍ ലേണിങ് ആപ്പാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കോവിഡ് കാലത്ത് എന്‍.എസ്.എസ്. പരിശീലന പരിപാടികള്‍ നിലച്ചപ്പോള്‍ ഓണ്‍ലൈനില്‍ പോംവഴി കണ്ടെത്തുകയായിരുന്നു. കോളേജിലെ കമ്പ്യൂട്ടര്‍ വിഭാഗം ഗസ്റ്റധ്യാപകനായിരുന്ന ജെറി ജോണ്‍സനാണ് സാങ്കേതിക സഹായം നല്‍കിയത്.   എന്‍.എസ്.എസ്. മാന്വല്‍ പ്രകാരം  സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഓരോ വര്‍ഷവും 20 മണിക്കൂര്‍ ഓറിയന്റേഷന്‍ ഉണ്ടായിരിക്കണം. ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളെ  ഉള്‍കൊള്ളാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് മൊഡ്യൂള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. കേരളത്തിലെയും ലക്ഷദ്വീപിലെയും എംപാനല്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ആലോചിച്ചാണ് ഉള്ളടക്കത്തിന്റെ രൂപകല്പന. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കോഴ്സ് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് നാല് ദിവസമെങ്കിലും വേണം. പഠിതാക്കള്‍ക്ക് അവരുടെ അസൈന്‍മെന്റ് ഇതുവഴി വഴി അപ്ലോഡ് ചെയ്യാനുമാകും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഇ-സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 2020-21  വര്‍ഷത്തില്‍ എന്‍.എസ്.എസ്. കോഴ്‌സിന്റെ പൂര്‍ത്തീകരണത്തിനായി 10 മണിക്കൂര്‍ ആപ്പ് വഴിയുള്ള ഓറിയന്റേഷന് തുല്യമാണെന്ന് കേരള സ്റ്റേറ്റ് എന്‍.എസ്.എസ്. സെല്‍ അംഗീകരിച്ചിരുന്നു. നേരത്തെ മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള ദേശീയപുരസ്‌കാരത്തിനും ഡോ. സോണി അര്‍ഹയായിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഇ-ഗവേണന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങും.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാല 2022 ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 1 മുതല്‍ 8 വരെ കോഴിക്കോട്, തൃശൂര്‍ ലോ-കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ-കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കില്ല.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 15, 16 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

അവസാന വര്‍ഷ ബി.കോം. സപ്തംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 12 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!