Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേള മലപ്പുറം മേഖല ജേതാക്കള്‍

HIGHLIGHTS : Calicut University News; Malappuram region winners of distance education category sports fair

വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേള മലപ്പുറം മേഖല ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയില്‍ മലപ്പുറം മേഖല (ബി സോണ്‍) ജേതാക്കളായി. ട്രാക്കിലും ഫീല്‍ഡിലും കുതിപ്പ് നടത്തിയ മലപ്പുറം 172 പോയിന്റ് നേടിയാണ് ചാമ്പ്യന്മാരായത്. ആണ്‍കുട്ടികളുടെ വാശിയേറിയ ഫുട്‌ബോള്‍ മത്സരത്തില്‍ പാലക്കാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് (4-2) മലപ്പുറം ജേതാക്കളായി.
92 പോയിന്റ് നേടി കോഴിക്കോടും വയനാടും ഉള്‍പ്പെടുന്ന ബി സോണ്‍ രണ്ടാം സ്ഥാനവും 78 പോയിന്റ് നേടിയ തൃശ്ശൂര്‍ (സി സോണ്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാലക്കാട് മേഖല (ഡി സോണ്‍) 52 പോയിന്റോടെ നാലാം സ്ഥാനം നേടി.

sameeksha-malabarinews

1 വനിതകളുടെ 200മീ. ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷമീന റിനു (കോഴിക്കോട്)
2 പുരുഷവിഭാഗം 1500മീ. ഒന്നാം സ്ഥാനം നേടിയ സി. മുഹമ്മദ് റഫീഖ് (മലപ്പുറം)
3 പുരുഷവിഭാഗം 800മീ. ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് സഹല്‍ (മലപ്പുറം)
4 പുരുഷവിഭാഗം 4X100 മീ. റിലേ ഒന്നാം സ്ഥാനം നേടിയ ഐ.പി. റബീഹ്, കെ.പി. ഫുഹാദ് സനിന്‍, കെ. സാബിത്, വി.കെ. ആഷിര്‍ (മലപ്പുറം സോണ്‍)

5 വിദൂരവിദ്യാഭ്യാസ വിഭാഗം കായികമേളയിലെ ഫുട്‌ബോളില്‍ മലപ്പുറവും പാലക്കാടും തമ്മിലുള്ള മത്സരത്തില്‍ നിന്ന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലപ്പുറം (4-2) ജേതാക്കളായി.

കലാമേളക്ക് വ്യാഴാഴ്ച കൊടിയേറും

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലാമേളക്ക് സര്‍വകലാശാലാ കാമ്പസിലെ നാല് വേദികളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് തുടക്കമാകും. ഇ.എം.എസ്. സെമിനാര്‍ ഹാളാണ് പ്രധാന വേദി. ഓഡിറ്റോറിയം, എസ്.ഡി.ഇ. സെമിനാര്‍ ഹാള്‍ എന്നിവയാണ് വേദികള്‍.
ഇ.എം.എസ്. സെമിനാര്‍ ഹാളിലെ ഒന്നാം വേദിയില്‍ നൃത്തഇനങ്ങള്‍ നടക്കും. രണ്ടാം വേദിയില്‍ മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയും ഓഡിറ്റോറിയത്തില്‍ മോണോ ആക്ട്, വട്ടപ്പാട്ട്, ഒപ്പന എന്നിവ അരങ്ങേറും. എസ്.ഡി.ഇ. സെമിനാര്‍ ഹാളില്‍ പദ്യം ചൊല്ലലും പ്രസംഗവുമാണ് നടക്കുക.
വൈകീട്ട് നാല് മണിക്ക് ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ യു.കെ. കുമാരന്‍ മുഖ്യാതിഥിയാകും. സിന്‍ഡിക്കേറ്റംഗങ്ങള്‍ പങ്കെടുക്കും.

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഗ്രന്ഥശേഖരം സര്‍വകലാശാലക്ക്

പഴയകാല പുസ്തകങ്ങളും മാസികകളും ഡിജിറ്റല്‍ രൂപത്തിലാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന്റെ പദ്ധതിയിലേക്ക് തിയോസഫിക്കല്‍ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ലഭിച്ചു. 1883-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ തിയോസഫിക്കല്‍ സൊസൈറ്റി അഥവാ ബ്രഹ്‌മവിദ്യാ സംഘത്തിന്റെ പുസ്തകശേഖരമാണ് സര്‍വകലാശാലക്ക് കൈമാറിയത്. അമേരിക്കക്കാരനായ ഹെന്റി സ്റ്റീല്‍ ഒള്‍ക്കോട്ട് നേരിട്ടെത്തി സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ബ്രഹ്‌മവിദ്യാസംഘം. ആനി ബസന്റ്, മഹാകവി കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ തിയോസഫി പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. നിരവധി തിയോസഫി ഗ്രന്ഥങ്ങളും, മാസികകളും, പ്രചാരണ ലഘുലേഖകളും സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന് ലഭിച്ചു. ഇവയുടെ ഡിജിറ്റല്‍ പകര്‍പ്പ് തിയോസഫി ശാഖക്ക് നല്‍കുന്നതിനോടൊപ്പം ഓാണ്‍ലൈനായി ഗവേഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. തിരുവനന്തപുരം അനന്ത തിയോസഫിക്കല്‍ സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡോ. എന്‍.കെ. അജിത് കുമാര്‍ അധ്യക്ഷനായി. ബ്രഹ്‌മവിദ്യാ സംഘം പ്രവര്‍ത്തകരായ എസ്. ശിവദാസ്, ബി. ഹരിഹരന്‍, എം. സനല്‍കുമാര്‍, ആര്‍. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകരും ഗവേഷകരും പങ്കെടുത്തു.

കെമിസ്ട്രി ദേശീയ സെമിനാറിന് കാലിക്കറ്റില്‍ തുടക്കം

കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ആര്യഭട്ട സെമിനാര്‍ ഹാളില്‍ തുടക്കമായി. റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി, കെമിക്കല്‍ റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നടത്തുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കെമിക്കല്‍ സയന്‍സിലെ നൂതനഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഗവേഷകര്‍ക്കും ശാസത്രജ്ഞര്‍ക്കും പങ്കിടുന്നതിനും പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പ്രമുഖ രസതന്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോന്‍ അധ്യക്ഷനായി. ഐ.ഐ.എസ്.സി. പ്രൊഫസര്‍ ഡോ. ഇ.ഡി. ജെമിസ്, സി.എസ്.ഐ.ആര്‍. എന്‍.ഐ.ഐ.എസ്.ടി. കെമിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. സുരേഷ് ദാസ്, കാലിക്കറ്റിലെ മുന്‍ പഠനവകുപ്പ് മേധാവി ഡോ. ടി.ഡി. രാമകൃഷ്ണന്‍, കേരള സര്‍വകലാശാലയിലെ കെമിസ്ട്രി പഠനവിഭാഗം പ്രൊഫ. എം.ആര്‍. പ്രതാപചന്ദ്രക്കുറുപ്പ്, എന്‍.ഐ.ഐ.എസ്.ടി. ചീഫ് സയന്റിസ്റ്റ് ഡോ. സി.എച്ച്. സുരേഷ്, ഡോ. സുസ്മിത ഡേ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നിനാണ് സെമിനാര്‍ സമാപനം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

1, 2 സെമസ്റ്റര്‍ എം.ബി.എ. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 17-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 28-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021, 2022 റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 15-ന് തുടങ്ങും.

പരീക്ഷാ ഫലം

എം.ടെക്. ഇന്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!