Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാമ്പസില്‍ മാലിന്യം തള്ളല്‍ സര്‍വകലാശാലാ നിയമനടപടിയിലേക്ക്

HIGHLIGHTS : Calicut University News; Littering on campus leads to university legal action

കാമ്പസില്‍ മാലിന്യം തള്ളല്‍ സര്‍വകലാശാലാ നിയമനടപടിയിലേക്ക്

ഗ്രീന്‍ ആന്റ് ക്ലീന്‍ കാമ്പസ് പദ്ധതി പ്രകാരം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് മാലിന്യമുക്തവും പ്രകൃതി സൗഹൃദവുമാക്കാന്‍ പരിശ്രമം നടക്കുന്നതിനിടെ കാമ്പസിനകത്ത് വീണ്ടും സമൂഹവിരുദ്ധര്‍ മാലിന്യം തള്ളുന്നു. കാമ്പസിലെ റോഡരികില്‍ തള്ളിയ മാലിന്യം എഞ്ചിനീയറിംഗ് വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ്‌കീപ്പിംഗ് യൂണിറ്റാണ് കണ്ടെത്തിയത്. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിതകര്‍മസേനക്ക് കൈമാറുന്നതിനായി ഇവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇതുവരെ കാമ്പസിനകത്ത് തള്ളിയ മാലിന്യമെല്ലാം ഇവര്‍ വേര്‍തിരിച്ച് സംസ്‌കരണത്തിനായി സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി – കടക്കാട്ടുപാറ റോഡരികിലായി കാമ്പസ് ഭൂമിയിലാണ് വീണ്ടും മാലിന്യം കണ്ടത്. മാലിന്യം തള്ളിയവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് സര്‍വകലാശാലാ എഞ്ചിനീയര്‍ അറിയിച്ചു. നിയമനടപടികള്‍ കൈക്കൊള്ളാന്‍ പോലീസിനെയും സമീപിക്കാനൊരുങ്ങുകയാണ്.

sameeksha-malabarinews

ശാസ്ത്രയാന്‍ പ്രദര്‍ശനം കൗതുകക്കാഴ്ച കാണാന്‍ കുട്ടികളുടെ തിരക്ക്

കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തില്‍ കൗതുകക്കാഴ്ചകള്‍ കാണാന്‍ കുട്ടികളുടെ തിരക്ക്. പ്രൈമറി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച കാമ്പസ് പഠനവകുപ്പുകളിലേക്ക് ഒഴുകിയെത്തിയത്. സൂക്ഷ്മദര്‍ശിനി കാഴ്ചകള്‍, നിത്യജീവിതത്തിലെ ശാസ്ത്രം, മനുഷ്യശരീരത്തിലെ ആന്തരാവയവങ്ങള്‍, അലങ്കാരപ്പക്ഷികള്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക് അത്ഭുത കാഴ്ചകളായിരുന്നു. ഭാഷാ പഠനവകുപ്പുകള്‍ സംഘടിപ്പിച്ച സ്റ്റാളുകളില്‍ ക്വിസ് മത്സരങ്ങള്‍ക്കും കുസൃതി ചോദ്യങ്ങള്‍ക്കുമെല്ലാം ഉത്തരം നല്‍കിയവര്‍ക്ക് സമ്മാനങ്ങളും നല്‍കി. പക്ഷികളെയും പ്രാണിവര്‍ഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും കാണാന്‍ ജന്തുശാസ്ത്ര പഠനവകുപ്പില്‍ എത്തിയ കുട്ടികളെ മധുരം നല്‍കിയാണ് സ്വീകരിച്ചത്. ഫോക്ലോര്‍ പഠനവകുപ്പിന്റെ കുഴിക്കളരിയില്‍ കളരി ആയുധങ്ങളുടെ പ്രദര്‍ശനവും പഠനവകുപ്പ് മ്യൂസിയത്തില്‍ നാട്ടുപകരണങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കോളേജ് തലങ്ങളിലുള്ളവര്‍ അതത് പഠനമേഖലകളിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് എത്തി. സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഗവേഷണ ലാബുകളും അടിസ്ഥാന സൗകര്യങ്ങളും നേരിട്ടറിയാന്‍ ശാസ്ത്രയാന്‍ സൗകര്യമൊരുക്കി. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ പ്രദര്‍ശനം സമാപിക്കും.

നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതി കാലിക്കറ്റില്‍ പഠനബോര്‍ഡംഗങ്ങള്‍ക്ക് പരിശീലനം

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാഠ്യപദ്ധതി രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലനം തുടങ്ങി. പഠനബോര്‍ഡ് അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കുമുള്ള പരിശീലന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഫിലിയേറ്റഡ് കോളേജുകളും വിദ്യാര്‍ഥികളുമുള്ള കാലിക്കറ്റ് സര്‍വകലാശാല ആഗോള നിലവാരമുള്ള പാഠ്യപദ്ധതി തയ്യാറാക്കാന്‍ ശ്രമിക്കണണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച സയന്‍സ് ഇതര വിഷയങ്ങളിലാണ് പരിശീലനം. ശനിയാഴ്ച സയന്‍സ് വിഷയങ്ങളുടേത് നടക്കും. തുടര്‍ന്ന് കോളേജുകളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 15-നകം തന്നെ പാഠ്യപദ്ധതി തയ്യാറാക്കാനാണ് ശ്രമം. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സന്തോഷ് കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. പ്രദീപ് എന്നിവര്‍ ക്ലാസെടുത്തു.

പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര പഠനവകുപ്പ് പ്രൊഫ. എം.എ. ഉമ്മന്‍ ഫൗണ്ടേഷന്‍ ഡേ സംഘടിപ്പിക്കുന്നു. 20-ന് രാവിലെ 10.30-ന് നടക്കുന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. സി. വീരമണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി സീനിയര്‍ ഫെലോ പ്രൊഫ. അജയ് നാരായണ്‍ ഝാ മുഖ്യപ്രഭാഷണം നടത്തും. നാലാമത് പ്രൊഫ. എം.എ. ഉമ്മന്‍ എന്‍ഡോമെന്റ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ അപേക്ഷ നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ 2014, 2015, 2016 പ്രവേശനം യു.ജി. ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 5 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!