Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അന്താരാഷ്ട്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്:  വിദഗ്ധ സംഘം സര്‍വകലാശാലാ കാമ്പസ് സന്ദര്‍ശിച്ചു

HIGHLIGHTS : Calicut University News; International Sports Institute:  Expert team visited the university campus

അന്താരാഷ്ട്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്:  വിദഗ്ധ സംഘം സര്‍വകലാശാലാ കാമ്പസ് സന്ദര്‍ശിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കായിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിദഗ്ധസംഘം പരിശോധിച്ചു. കായികവകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസിലെത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തായുള്ള സ്ഥലം ഇവര്‍ പരിശോധിച്ചു. വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. പദ്ധതിക്ക് ആദ്യഘട്ടമായി നാലരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്പോര്‍ട്സ് എം.ബി.എ., സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് സൈക്കോളജി എന്നീ കോഴ്സുകളാണ് ആദ്യം തുടങ്ങുക. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഘട്ടംഘട്ടമായി വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗവേഷണ-പഠനകേന്ദ്രമായി മാറ്റുന്നതാണ് പദ്ധതി. ജനുവരിയില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് നീക്കം. അക്കാദമിക് കാര്യങ്ങളിലും സാങ്കേതിക സൗകര്യങ്ങളിലും വിദഗ്ധോപദേശം ലഭിക്കാനായി അന്താരാഷ്ട്ര സെമിനാര്‍ ഉടന്‍ നടത്തും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, കെ.കെ. ഹനീഫ, ഡോ. കെ.പി. വിനോദ് കുമാര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. ശിവദാസന്‍, അസി. എന്‍ജിനീയര്‍മാരയ എ അച്ചു, രാഹുല്‍, ആര്‍ക്കിടെക്റ്റ് എം. ഹരീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നിര്‍മിക്കുന്ന പവലിയന്‍, പുതുതായി നിര്‍മിക്കാന്‍ പദ്ധതിയിട്ട സ്‌കേറ്റിങ് ട്രാക്ക് എന്നിവക്കുള്ള സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. പുതിയ നിര്‍മിതികളും സൗകര്യങ്ങളും പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ കായിക ഹബ്ബായി കാലിക്കറ്റ് സര്‍വകലാശാല മാറുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

സ്വാതന്ത്ര്യസമരങ്ങളും സാമൂഹ്യപരിഷ്‌കരണവും
തുടരണം – സുഭാഷ് ചന്ദ്രന്‍

സ്വാതന്ത്ര്യവും സാമൂഹ്യപരിഷ്‌കരണവും നമ്മുടെ സമൂഹത്തില്‍ ഇനിയും ആവശ്യമാണെന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് മേഖലകളില്‍ സ്വാതന്ത്ര്യസമരങ്ങളും സാമൂഹ്യപരിഷ്‌കരണങ്ങളും ആവശ്യമുണ്ട്. അപ്പോള്‍ മാത്രമേ കാറിന്റെ നീളവും വീടിന്റെ വലുപ്പവും ആലോചിച്ച് പുഴുവിനെപ്പോലെ തീര്‍ന്നു പോകുന്ന മനുഷ്യരാകാതെ കാലത്തിനപ്പുറത്തേക്ക് ഓര്‍ത്തുവെയ്ക്കുന്ന നന്മകള്‍ ചെയ്യുന്നവരാകാന്‍ കഴിയൂ എന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, അസി. ലൈബ്രേറിയന്‍ വി. ഷാജി, എം. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

‘കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍’ ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ ‘കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2-ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് സെമിനാര്‍. മുന്‍ എം.പി. എസ്. രാമചന്ദ്രന്‍പിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 26-ന് മുമ്പായി emschair@uoc.ac.in എന്ന ഇ-മെയിലിലൂടെ രജിസ്റ്റര്‍ ചെയ്യണം.

സോഷ്യോളജി അസി. പ്രൊഫസര്‍

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വയനാട്ടിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള എല്‍.സി/എ.ഐ. ഒ.ബി.സി. സംവരണ വിഭാഗത്തിലേക്കുള്ള പാനല്‍ തയ്യാറാക്കുന്നതിന് പുനര്‍വിജ്ഞാപന പ്രകാരവും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി 30-നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹിന്ദി – പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക്
അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി പാര്‍ട്ട് ടൈം, ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേര്‍ഷ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 115 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ളവര്‍ 28-നകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7252.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക