Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച

HIGHLIGHTS : Calicut University News; Inauguration of 250 crore development projects in Calicut University on Saturday

കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച (മാര്‍ച്ച്4)

യു.ജി.സി.യുടെ നാക് എ-പ്ലസ് ഗ്രേഡോഡു കൂടി അക്കാദമിക് രംഗത്ത് കുതിപ്പ് നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ 250 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്.  പുതിയ അടിസ്ഥാന സൗകര്യവികസനങ്ങളുടെയും അക്കാദമിക് സംരംഭങ്ങളുടെയും ഉദ്ഘാടനം മാര്‍ച്ച് 4-ന് സര്‍വകലാശാലാ കാമ്പസിലെ ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ‘പ്രഗതി@യു.ഒ.സി.’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് മുഖ്യാതിഥി. ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍, എം.പി. അബ്ദുസമദ് സമദാനി എം.പി., എം.എല്‍.എ.മാരായ പി. അബ്ദുള്‍ ഹമീദ്, പി. നന്ദകുമാര്‍, എ.പി. അനില്‍കുമാര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരീക്ഷാ ഭവന്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന സീം (സെന്റര്‍ ഫോര്‍ എക്‌സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റ്) മഹത്മാ അയ്യങ്കാളി ചെയര്‍, ഡോ. ബി.ആര്‍. അംബേദ്കര്‍ ചെയര്‍, സെന്റര്‍ ഫോര്‍ മലബാര്‍ സ്റ്റഡീസ് എന്നിവയുടെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബില്‍ഡിംഗ്, സുവര്‍ണ ജൂബിലി പരീക്ഷാ ഭവന്‍ ബില്‍ഡിംഗ്, സിഫ് ബില്‍ഡിംഗ് എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഗോള്‍ഡന്‍ ജൂബിലി അക്കാദമിക് ഇവാല്വേഷന്‍ ബില്‍ഡിംഗ്, മെന്‍സ് ഹോസ്റ്റല്‍ അനക്‌സ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും കായികവിഭാഗം ഓഫീസ് കെട്ടിടം, കായിക ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാനും നിര്‍വഹിക്കും. പരിപാടിക്കെത്തുന്നവര്‍ രാവിലെ 9 മണിക്കു തന്നെ സദസ്സില്‍ എത്തേണ്ടതാണ്.

sameeksha-malabarinews

സര്‍വകലാശാലയില്‍ വാഹനനിയന്ത്രണം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചക്ക് 12 മണി വരെ പ്രധാന കവാടത്തിലൂടെ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. കാമ്പസിലെത്തുന്നവര്‍ പാര്‍ക്കിംഗ്, സുരക്ഷാ എന്നിവ സംബന്ധിച്ച് പോലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

അന്തര്‍ദേശീയ അറബി ഭാഷ കോണ്‍ഫറന്‍സ് കാലിക്കറ്റിലെ ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

ദുബായ്  ഷെയ്ഖ് സായിദ് യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ നടക്കുന്ന 5-ാമത് അന്തര്‍ദേശീയ അറബിക് കോണ്ഫറന്‍സിന്റെ ഭാഗമാവാന്‍ കാലിക്കറ്റിലെ ഗവേഷകരും. സര്‍വ്വകലാശാല അറബിക് പഠന വിഭാഗത്തിലെ മൂന്ന് ഗവേഷകരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. അന്തരാഷ്ട്ര തലത്തിലുള്ള നിരവധി ഗവേഷകരും അധ്യാപകരും കോണ്ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ‘അറബി ഭാഷ പഠനം കാലിക്കറ്റ് അറബി വിഭാഗം പഠന വകുപ്പില്‍ : രീതിശാസ്ത്രം അധ്യാപനം’ എന്ന വിഷയത്തില്‍ നാസര്‍ കെ, ‘അറബി ഭാഷ പഠനവും നൂതന സാങ്കേതിക വിദ്യയും’ എന്ന വിഷയത്തില്‍ നാശിദ്. വി, ‘ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി യിലെ പ്രായോഗിക അറബി ഭാഷ പഠന രീതികള്‍’ എന്ന വിഷയത്തില്‍ സൈനുദ്ധീന്‍ ചോലയില്‍ എന്നിവരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക എന്ന് വകുപ്പു മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി അറിയിച്ചു.

മോളിക്യുലാര്‍ ബയോളജി ട്രെയ്‌നിംഗ് പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജി ഏപ്രിലില്‍ ആരംഭിക്കുന്ന ട്രെയ്‌നിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെയും റിസര്‍ച്ച് പ്രൊജക്‌ടോടു കൂടിയ ആറു മാസത്തെയും പരിശീലനത്തിലേക്ക് ഏതെങ്കിലും ബയോളജി വിഭാഗത്തില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും റഫറന്‍സ് ലെറ്ററും നല്‍കും. താല്‍പര്യമുള്ളവര്‍ 26-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ ലിങ്കും സര്‍വകലാശാലാ വെബൈസറ്റില്‍. ഫോണ്‍ – 9746867623 (ഡോ. വി.എം. കണ്ണന്‍, ഡയറക്ടര്‍, സെന്റര്‍ ഫോര്‍ അഡ്വാന്‍സസ് ഇന്‍ മോളിക്യുലാര്‍ ബയോളജി).

 പെന്‍ഷന്‍കാര്‍ ആദായനികുതി വിഹിതം നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാരില്‍ ആദായനികുതി നല്‍കേണ്ടവര്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ പെന്‍ഷനില്‍ നിന്നും മുന്‍കൂറായി ഈടാക്കേണ്ട നികുതി വിഹിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 20-ന് മുമ്പായി വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള നിശ്ചിത ഫോമില്‍ സര്‍വകലാശാലാ ധനകാര്യവിഭാഗത്തെ അറിയിക്കണം. പെന്‍ഷന് പുറമെയുള്ള വരുമാനങ്ങള്‍ക്ക് ആദായനികുതി കണക്കാക്കണമെങ്കില്‍ പ്രസ്തുത വിവരങ്ങള്‍ കൂടി ഫോമില്‍ ചേര്‍ക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 16 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 20 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ബോട്ടണി മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!