Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; രണ്ട് വിദേശ സര്‍വകലാശാലകളുമായി സഹകരണം ഉറപ്പാക്കി കാലിക്കറ്റിലെ ബോട്ടണി വകുപ്പ്

HIGHLIGHTS : Calicut University News; Department of Botany, Calicut secured collaboration with two foreign universities

രണ്ട് വിദേശ സര്‍വകലാശാലകളുമായി സഹകരണം ഉറപ്പാക്കി കാലിക്കറ്റിലെ ബോട്ടണി വകുപ്പ്

കാലിക്കറ്റ് സര്‍വകലാശാലയുമായി ഫ്‌ളോറിഡ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയും ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും  അക്കാദമിക ഗവേഷണ സഹകരണത്തിന് ധാരണ. പ്രാഥമിക തലത്തില്‍ ഇരു യൂണിവേഴ്‌സിറ്റികളുടെയും ഹെര്‍ബേറിയവുമായാണ് കാലിക്കറ്റിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ സഹകരണം. കാലിക്കറ്റില്‍ നടന്ന സസ്യ വര്‍ഗീകരണ ശാസ്ത്ര – അന്താരാഷ്ട്ര സെമിനാറിന്റെ   ഭാഗമായാണ് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ക്യൂറേറ്ററും  പ്രൊഫെസറുമായ ഡോ. നിക്കോ സെല്ലിനീസ്,  സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അസോ. പ്രൊഫസര്‍ ഡോ. വിറ്റര്‍ എഫ്.ഒ. മിറാന്‍ഡ, പോസ്റ്റ് ഡോക്ടറല്‍ ഗവേഷക ഡോ. സൗറ റോഡ്രിഗസ് ഡാ സില്‍വ എന്നിവര്‍ സര്‍വകലാശാല സന്ദര്‍ശിച്ചത്. കംപാനുലേസിയെ, മെലാസ്റ്റ്മാറ്റസിയെ, ബ്രോമിലിയേസിയെ, അസ്പരാഗേസിയെ, സാക്‌സിഫെറസിയെ, ലെന്റിബുലാറസിയെ എന്നീ സസ്യകുടുംബങ്ങളുടെ സിസ്റ്റമാറ്റിക്‌സ് ആന്‍ഡ് മോളിക്യൂലര്‍ ഫൈലോജനിയില്‍ പ്രഗത്ഭരാണ് ഇവര്‍. അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും ഗവേഷണ പദ്ധതികളുടെ സംയുക്ത വികസനം, ശാസ്ത്ര സാംസ്‌കാരിക പരിപാടികളുടെ സംയുക്ത സംഘടന എന്നിവയ്ക്ക് പ്രയോജനപ്പെടുന്നതാകും സഹകരണം. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ബോട്ടണി വിഭാഗം മേധാവി ഡോ. സി.സി. ഹരിലാല്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. സന്തോഷ് നമ്പി , ഡോ. സി. പ്രമോദ്, ഡോ. മഞ്ജു സി. നായര്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

sameeksha-malabarinews

അന്തർദേശീയ ഹിന്ദി സെമിനാർ സമാപിച്ചു

കാലിക്കറ്റ് സർവകലാശാലാ  ‘പ്രജ്ഞ’ റിസർച്ച് ഫോറത്തിന്റെയും ഹിന്ദി പഠനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ  ‘സാഹിത്യം, സമൂഹം, സംസ്കാരം : സമകാലീന കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ നടന്ന ദ്വിദിന ഹിന്ദി അന്തർദേശീയ സെമിനാർ സമാപിച്ചു. സെമിനാറിൽ കൽക്കത്തയിലെ ഹൗറ ഹിന്ദി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. വിജയ് കുമാർ ഭാരതി, വർധ, മഹാത്മാഗാന്ധി അന്തർദേശീയ ഹിന്ദി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി പ്രൊഫ. ഡോ. ശശി മുദിരാജ് (ഹൈദരാബാദ്), പ്രൊഫ. ഡോ. ആർ.കെ.ഡി. നീലാന്തി കുമാരി രാജപക്സെ (ശ്രീലങ്ക), ഡോ. മാനെ മകർതച്യാൻ (അർമേനിയ), വികാസ് ഭകത്, ഡോ. കെ. അലി നൗഫൽ, നജീബ് അലി ഹമൂദ് മുൽക്കത്ത് (യമൻ), ബസ്സാം അഹമ്മദ് (യമൻ), പ്രൊഫ. ഡോ.  ആർ. ജയചന്ദ്രൻ, പ്രൊഫ. ഡോ. നാംദേവ് ഗൗഡ, ഡോ. കെ. ഭാർഗവൻ, പ്രൊഫ. ഡോ. പി.  രവി , ഡോ. പി. ജെ. ഹെർമൻ, ഡോ. വി.ജഗന്നാഥ റെഡ്ഡി, ഡോ. പി. മായ, ഡോ. പി.എസ്. ധന്യ , ഡോ.  പി. ബിൻസി, ഡോ. ആർ.സേതുനാഥ്, ഡോ. പി. പ്രിയ, ഡോ.  പി. കെ. രതിക, ഡോ. പി.ഐ. മീര തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പ്രൊഫ. എം.എം. ഗനി അവാർഡ്

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രൊഫസർ എം.എം. ഗനി അവാർഡിന്റെ 2022 – 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഫെബ്രുവരി 23 മുതൽ മാർച്ച് ഒന്ന് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് ghaniaward@uoc.ac.in എന്ന ഇ-മെയിലിലോ 0494-2407154 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എൻ.സി.സി. / സ്പോർട്സ് / ആർട്സ് മുതലായവയുടെ ഗ്രേസ് മാർക്കുകൾക്ക് അർഹരായ ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ CBCSS – UG  (2021 പ്രവേശനം മാത്രം) വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് പ്ലാനർ വഴി മാർക്കുകൾ കണക്കാക്കി പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളിൽ മാനുവലായി മാർച്ച് നാലിന് മുമ്പായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക്. നാലാം സെമസ്റ്റർ (2019 പ്രവേശനം മുതൽ), ആറാം സെമസ്റ്റർ (2019 പ്രവേശനം മുതൽ), എട്ടാം സെമസ്റ്റർ (2020 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പരീക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായ ബി.ടെക്. 2014 പ്രവേശനം മൂന്നാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും. ഡ്രോയിങ് പേപ്പറുകൾക്കുള്ള പരീക്ഷ കോഹിനൂരുള്ള സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലും മറ്റു പരീക്ഷകൾ സർവകലാശാലാ ക്യാമ്പസിലെ ടാഗോർ നികേതനിലും നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!