Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റ് ഓപണ്‍ ബിരുദ പ്രവേശനം ആരോപണം വസ്തുതകള്‍ മറച്ചുവെച്ച് – വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍

HIGHLIGHTS : Calicut Open Degree Admission Allegation Hiding Facts - Director Distance Education Department

കാലിക്കറ്റ് ഓപണ്‍ ബിരുദ പ്രവേശനം ആരോപണം വസ്തുതകള്‍ മറച്ചുവെച്ച് – വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍

കാലിക്കറ്റ് സര്‍വകലാശാല ഓപണ്‍ സംവിധാനത്തില്‍ ബിരുദ പ്രവേശനം നടത്താതിരിക്കുന്നത് ഉദ്യോഗസ്ഥരുടെ തടസവാദങ്ങള്‍ കൊണ്ടാണ് എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. അടിസ്ഥാന യോഗ്യതയില്ലാത്ത, 18 വയസു തികഞ്ഞവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ നടത്തി ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന ഈ സ്‌കീമില്‍ പ്രവേശനം അനുവദിക്കാനാവുമോ എന്നതില്‍ വ്യക്തത തേടിക്കൊണ്ട് സര്‍വകലാശാല വിദൂര വിദ്യാഭ്യാസവിഭാഗം യുജിസി ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ബ്യൂറോയിലേക്ക് കത്ത് നല്‍കിയെങ്കിലും അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ സ്‌കീമില്‍ രണ്ടു വര്‍ഷമായി കോഴ്‌സുകള്‍ നടത്താനാവാത്തത്.

sameeksha-malabarinews

2019 വരെ കാലിക്കറ്റ് സര്‍വകലാശാല ഓപണ്‍ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ 2020 ല്‍ നിലവില്‍ വന്ന യുജിസി റെഗുലേഷന്‍സ് പ്രകാരം യുജിസി അംഗീകാരമുള്ള കോഴ്‌സുകള്‍ മാത്രമേ സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ നടത്താനാവൂ. വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രവേശന യോഗ്യത നിര്‍ബന്ധമായും റെഗുലര്‍ പഠനത്തിന് തുല്യമാകണമെന്നും യുജിസി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, 1985ല്‍ നിലവില്‍ വന്നതും പിന്നീട് 1995 ല്‍ ഭേദഗതി വരുത്തിയതുമായ പ്രത്യേക റെഗുലേഷന്‍സ് പ്രകാരമാണ് ഓപണ്‍ ബിരുദ സംവിധാനം നിലവില്‍ വന്നത് എന്നത് പരിഗണിച്ച് ഈ നിബന്ധനയില്‍ ഇളവ് ലഭ്യമാകുമോ എന്നതിലാണ് സര്‍വകലാശാല യുജിസിയില്‍ നിന്ന് വ്യക്തത തേടിയത്. യുജിസി അനുമതിയില്ലാതെ സര്‍വകലാശാലകള്‍ വിദൂരവിദ്യാഭ്യാസവിഭാഗം വഴി കോഴ്‌സുകള്‍ നടത്തരുതെന്നും ആയത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിലവില്‍ അംഗീകാരമുള്ള കോഴ്‌സുകളുടെ അംഗീകാരം പിന്‍വലിക്കല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള യുജിസി റെഗുലേഷന്‍ കണക്കിലെടുത്താണ് സര്‍വകലാശാല ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് കാത്തുനില്‍ക്കുന്നത്.

അനുമതി ലഭിക്കാതെ ഓപണ്‍ ബിരുദപ്രവേശനം നടത്തിയാല്‍ പ്രസ്തുത വിദ്യാര്‍ത്ഥികളുടെ ബിരുദ പഠനം യുജിസി അംഗീകാരമുള്ളതാവില്ലെന്ന വസ്തുത ബോധപൂര്‍വം മറച്ചുവെച്ചാണ് ചിലര്‍ ഇതുസംബന്ധിച്ച് ആരോപണം ഉയര്‍ത്തുന്നത്. നിലവിലുള്ള യുജിസി റെഗുലേഷന്‍സിലെ നിബന്ധനകള്‍ പാലിക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥമാണെന്നും ആയത് ലംഘിച്ചാല്‍ നിലവില്‍ വിദൂരവിദ്യാഭ്യാസവിഭാഗം വഴി പഠനം നടത്തുകയും ഈ വര്‍ഷം പുതിയതായി പ്രവേശനം നേടുകയും ചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാവുകയും ചെയ്യുമെന്ന യാഥാര്‍ഥ്യവും വിവാദങ്ങള്‍ക്കായി കണ്ടില്ലെന്നു നടിക്കുന്നു.

യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കാനാണ് കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ശ്രമിക്കുന്നത്. ഹൈക്കോടതി വിധിയിലൂടെയും സര്‍ക്കാര്‍ ഉത്തരവിലൂടെയും ലഭ്യമായ അനുമതിയിലൂടെ ചുരുങ്ങിയ സമയം ഉപയോഗപ്പെടുത്തി പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന കുറഞ്ഞ ഫീസ് നിരക്കില്‍ യുജിസി അംഗീകാരമുളള ബിരുദ-ബിരുദാനന്തരപഠനം സാധ്യമാക്കാനുള്ള കഠിനാധ്വാനമാണ് നടത്തുന്നത്. കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ അനുവദിച്ചും പഠനസാമഗ്രികള്‍ നേരിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചും വിദൂരവിദ്യാഭ്യാസ വിഭാഗം സജീവമാകുന്ന സമയത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍വകലാശാലയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് ഈ പ്രവര്‍ത്തനങ്ങളെ ദോഷകരമായാണ് ബാധിക്കുകയെന്ന് വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.

ഗവേഷണാശയങ്ങള്‍ നടപ്പാക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്പശാല

നൂതന ഗവേഷണാശയങ്ങളെ പ്രായോഗികമാക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല രണ്ട് ദിവസത്തെ ശില്പശാല നടത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ്വര്‍ക്ക് (റിങ്ക്) പദ്ധതിയുടെ ഭാഗമായി നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സര്‍വകലാശാലാ കാമ്പസിലെ ആര്യഭട്ട ഹാളിലാണ് പരിപാടി. ഗവേഷണ നേട്ടങ്ങളെയും ആശയങ്ങളെയും ഉത്പന്നങ്ങളായോ സേവനങ്ങളായോ വിപണിയിലെത്തിക്കാന്‍ സഹായിക്കുകയും അതുവഴി സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ലക്ഷ്യം. സര്‍വകലാശാലാ-കോളേജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഫോണ്‍: 9961824725 .

ലോകശാസ്ത്രജ്ഞരുടെ പട്ടികയില്‍ കാലിക്കറ്റിലെ ഗവേഷകന്‍

അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയ്യാറാക്കിയ ലോകശാസ്ത്രജ്ഞരുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇടം നേടി ഡോ. എം.ടി. രമേശന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസറും ഗവേഷകനുമാണ് ഇദ്ദേഹം. ശാസ്ത്രജ്ഞരുട ലോകറാങ്കിങ്ങില്‍ മികച്ച രണ്ട് ശതമാനത്തിലാണ് പോളിമര്‍ സയന്‍സ് വിഭാഗത്തിലായി ഡോ. രമേശന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ലോകത്തെ ഒരു ലക്ഷം ശാസ്ത്രജ്ഞരില്‍ നിന്ന് തയ്യാറാക്കിയതാണ് രണ്ട് ശതമാനം പേരുടെ പട്ടിക. വിഷയ സംബന്ധമായ ഗ്രന്ഥരചന, പ്രബന്ധങ്ങള്‍, സൈറ്റേഷന്‍ തുടങ്ങിയവയാണ് മാനദണ്ഡം. പ്രശസ്തമായ രാജ്യാന്തര ജേണലുകളില്‍ 143 പ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വെള്ളൂര്‍ സ്വദേശിയാണ്.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം നീട്ടി

2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം നവംബര്‍ 7-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷനും മാന്റേറ്ററി ഫീസ് അടയ്ക്കുന്നതിനും 7-ന് ഉച്ചക്ക് 2 മണി വരെ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ അവസരമുണ്ട്.

പരീക്ഷാ ഫലം

മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്., മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!