Section

malabari-logo-mobile

ദേശീയപാത 66 ന്റെ നിര്‍മാണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം

HIGHLIGHTS : The concerns of the people in the areas where construction of National Highway 66 is going on should be addressed

ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കല്‍ മുതല്‍ തലപ്പാറ വരെ പ്രധാന ജംങ്ഷനുകളിലെ മേല്‍പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം, ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത, സര്‍വീസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി പ്രശ്‌നം, മിനി അണ്ടര്‍ പാസേജിന്റെ അപര്യാപ്തത, ഗതാഗത കുരുക്ക്, വിദ്യാര്‍ഥികളുടെ സഞ്ചാര പ്രശ്‌നം, വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍ എന്നിവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് പി.അബ്ദുള്‍ഹമീദ് എം.എല്‍.എ പറഞ്ഞു. ജില്ലാകലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് എം.എല്‍.എ ദേശീയപാതാ നിര്‍മാണത്തിലെ ആശങ്കകള്‍ പങ്കുവെച്ചത്.

ഇടിമുഴിക്കല്‍-അഗ്രശാല-പാറക്കടവ് റീച്ച് രണ്ട് റോഡിലെ ചാലിപ്പറമ്പിനും കുറ്റിപ്പാലക്കുമിടയിലുളള ഇറക്കത്തിലുളള വളവില്‍ ഡ്രൈനോ, ഐറിഷ് കോണ്‍ക്രീറ്റോ ഇല്ലാത്തതിനാല്‍ റോഡിലെ വെളളം മുഴുവന്‍ താഴെയുളള വീടുകളിലേക്ക് കുത്തൊലിച്ച് പോവുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി ഇവിടെ ക്രാഷ് ബാരിയറോ/ ബ്രോക്കണ്‍ പാരപ്പറ്റോ സ്ഥാപിച്ച് സ്ഥലം അപകടമുക്തമാക്കുന്ന പ്രവൃത്തിക്കായി ഉടന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡബ്ല്യു.ഡി (റോഡ്‌സ്) യോഗത്തെ അറിയിച്ചു. കൂടാതെ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലം പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നതായും ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ.എന്‍.എച്ച് യോഗത്തില്‍ അറിയിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി.ഒ ഓഫീസ് പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പും ട്രാന്‍സ്പോര്‍ട്ട് വകുപ്പും സംയുക്തമായി പരിശോധന നടത്തി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ ആവശ്യപെട്ടു.

sameeksha-malabarinews

തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ ഡയാലിസിസ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിന് ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എല്ലാ വൃക്കരോഗികള്‍ക്കും ഡയാലിസിസ് നടത്തുന്നതിന് ആഴ്ചയില്‍ 1000 രൂപ ക്രമത്തില്‍ ഒരു മാസം പരമാവധി 4000 രൂപ ബന്ധപ്പെട്ട ആശുപത്രി മുഖേന ധനസഹായം നല്‍കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി അതതു തദ്ദേശ ഭരണസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരാക്കാവുന്നതാണെന്നും ഡി.എം.ഒ ഡോ. ആര്‍. രേണുക പറഞ്ഞു. എന്നാല്‍ ആതുര ശുശ്രൂഷ എന്ന പ്രധാന കടമ നിര്‍വഹിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പകരം പഞ്ചായത്ത് സെക്രട്ടറിയെയോ, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യാഗസ്ഥരെയോ മേല്‍ പദ്ധതിയുടെ നിര്‍വഹണ ചുമതല നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് ആരോഗ്യവകുപ്പ് ഡയറക്ടറുടെയും ജില്ലാ പ്ലാനിങ് ഓഫീസറുടെയും അടിയന്തര നടപടി സ്വീകരിക്കുന്നതിനായി നല്‍കിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വിതരണം ഊര്‍ജ്ജിതമാക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ സ്ഥിതി വിലയിരുത്തി വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി മണ്ഡലത്തില്‍ ഹീമോഫീലിയ രോഗികള്‍ക്കുള്ള മരുന്നുകള്‍ കൃത്യമായി വിതരണം ചെയ്യുന്നതിന് നോഡല്‍ ഓഫിസറെ ചുമതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ രേണുക യോഗത്തെ അറിയിച്ചു. ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍ മരുന്നുകളുടെ ആവശ്യകത കൃത്യമായി നോഡല്‍ ഓഫീസര്‍മാരെ അറിയിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.

സംസ്ഥാനത്തെ മികച്ച ശുചിത്വമുള്ള പഞ്ചായത്തുകളുടെ ലിസ്റ്റില്‍ ആദ്യപത്തില്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാറഞ്ചേരി, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി എന്നീ പഞ്ചായത്തുകളാണ് സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജില്ലയിലെ ബാക്കിയുള്ള പഞ്ചായത്തുകള്‍ ഈ മൂന്ന് പഞ്ചായത്തുകളെ മാതൃകയാക്കി ഗ്രീന്‍ മലപ്പുറമായി ജില്ലയെമാറ്റാന്‍ ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. കീഴാറ്റൂരില്‍ നിര്‍മിക്കുന്ന പൂന്താനം സ്മാരക കെട്ടിടത്തിന്റെ ഓഡിറ്റോറിയവും ഗ്രീന്‍ റൂമും ഉള്‍പ്പെടുന്ന രണ്ടു നില കെട്ടിടത്തിന്റെ നിര്‍മാണം, ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മാണം, എന്‍ട്രന്‍സ് ഗേറ്റ് എന്നിവ ആണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എന്‍ട്രന്‍സ് ഗേറ്റ് നിര്‍മാണം പുരോഗമിക്കുകയാണെന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറക്ക് ഫണ്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും കൃത്യമായി ലഭിക്കാത്തത് പ്രവൃത്തി വലിയ രീതിയില്‍ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലഹരി മുക്ത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് പൊന്നാനി മുതല്‍ വഴിക്കടവ് വരെ തീര്‍ക്കുന്ന മനുഷ്യ ശൃംഖലയില്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്‌മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ് കോക്കൂര്‍, എ.ഡി.എം എന്‍.എം. മെഹ്റലി, പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ സബ്കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.പി. ബാബുകുമാര്‍, ഡി.ഡി.സി രാജീവ് കുമാര്‍ ചൗധരി, എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!