Section

malabari-logo-mobile

ഡാറ്റാ സെന്ററില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്; കാലിക്കറ്റില്‍ പി.ജി. പരീക്ഷ മാറ്റി

HIGHLIGHTS : calicut university news

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ഡാറ്റാ സെന്ററില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്; കാലിക്കറ്റില്‍ പി.ജി. പരീക്ഷ മാറ്റി

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ ഡാറ്റാ സെന്ററില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം സെര്‍വര്‍ പ്രവര്‍ത്തനം നിലച്ചു. സെര്‍വര്‍ തടസ്സപ്പെട്ടതോടെ തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ മാറ്റി വെയ്ക്കേണ്ടി വന്നതായി പരീക്ഷാഭവന്‍ അറിയിച്ചു. യു.പി.എസ്. പൊട്ടിത്തെറിച്ചാണ് പ്രശ്നമുണ്ടായത്. സെര്‍വര്‍ പ്രവര്‍ത്തനം നിലച്ചതോടെ സര്‍വകലാശാലാ വെബ്സൈറ്റ്, ഡി.ഡി.എഫ്.എസ്., വൈഫൈ സംവിധാനങ്ങള്‍ തകരാറിലായി. തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ യു.ജി., പി.ജി. പരീക്ഷകളും സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പി.ജി. പരീക്ഷയും നടത്തേണ്ടതായിരുന്നു. ചോദ്യക്കടലാസ് ഓണ്‍ലൈനായി പോര്‍ട്ടല്‍ വഴിയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് നല്‍കുന്നത്. പരീക്ഷകള്‍ മുടങ്ങാതിരിക്കാന്‍ ബിരുദ പരീക്ഷകളുടെയും എം.ബി.എ. പരീക്ഷകളുടെയും ചോദ്യക്കടലാസുകള്‍ കോളേജ് അധികൃതര്‍ക്ക് കോളേജ് പോര്‍ട്ടലിലൂടെ പ്രത്യേകമായി നല്‍കി. സര്‍വകലാശാലാ പഠനവകുപ്പുകളിലേക്ക് പ്രിന്റ് എടുത്ത ചോദ്യക്കടലാസുകള്‍ എത്തിച്ചു. കോളേജുകളിലെ മറ്റു പി.ജി. പരീക്ഷകള്‍ക്കായി എഴുപതിലധികം വ്യത്യസ്ത ചോദ്യക്കടലാസ് നല്‍കേണ്ടതുണ്ടായിരുന്നു. കുറഞ്ഞ സമയത്ത് ഇവ നല്‍കുന്നതും പ്രിന്റെടുക്കുന്നതുമെല്ലാം പ്രായോഗിക തടസ്സമുള്ളതിനാല്‍ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ് അറിയിച്ചു. മാറ്റി വെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീടറിയിക്കും.

കാലിക്കറ്റ് ഇ.എം.എം.ആര്‍.സിയുടെ ഡോക്യുമെന്ററിക്ക്
മുംബൈ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. നിര്‍മിച്ച ഡോക്യുമെന്ററിക്ക് മുംബൈ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ (എം.ഐ.എഫ്.എഫ്.) മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം. ‘ബാംബു ബാലഡ്സ് ‘ എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിന് പി.സി. സാജിദാണ് അവാര്‍ഡ് നേടിയത്. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കേന്ദ്രസര്‍ക്കാറിന്റെ വിവര-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫിലിം ഡിവിഷനാണ് എം.ഐ.എഫ്.എഫിന്റെ സംഘാടകര്‍. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ‘ദോബി ഘട്ട്’ എന്ന ചിത്രത്തിന്റെ എഡിറ്റര്‍ എം. ഷണ്‍മുഖനാഥനുമായി സാജിദ് പങ്കിടും. മലപ്പുറം ജില്ലയിലെ പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ സാജിദ് ഇ.എം.എം.ആര്‍.സിയില്‍ വീഡിയോ എഡിറ്ററായി താത്കാലിക ജോലി നോക്കുകയാണ്. സാജിദ് നടുത്തൊടി സംവിധാനം ചെയ്ത ചിത്രം നൈന ഫെബിന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ കഥയാണ് പറയുന്നത്. കിട്ടാവുന്ന സ്ഥലത്തെല്ലാം മുളത്തൈകള്‍ നടുകയും അവ വിതരണം ചെയ്യുകയും ചെയ്യുന്ന നൈന മുളകൊണ്ടുള്ള സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സംഗീത ട്രൂപ്പിനും രൂപം നല്‍കിയിട്ടുണ്ട്. മുള സംരക്ഷണമാണ് ഈ ട്രൂപ്പിന്റെ ലക്ഷ്യം. നേരത്തെയും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഈ ഡോക്യുമെന്ററി കരസ്ഥമാക്കിയിട്ടുണ്ട്. ബാനിഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

 

സര്‍വകലാശാലാ കാമ്പസില്‍ ‘എന്റെ മരങ്ങള്‍’ പദ്ധതി തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘എന്റ മരങ്ങള്‍’ പദ്ധതി പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഒരു മാസംകൊണ്ട് നാനൂറിലധികം തൈകളാണ് കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ നട്ടു പിടിപ്പിക്കുന്നത്. വന്‍മരങ്ങളും ഫലവവൃക്ഷങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ചടങ്ങില്‍ സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. എം. മനോഹരന്‍, അഡ്വ. ടോം. കെ. തോമസ്, ഫിനാന്‍സ് ഓഫീസര്‍ കെ. ജുഗല്‍ കിഷോര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. ജോസ്. ടി. പുത്തൂര്‍, ഡോ. എ.കെ. പ്രദീപ്, ഡോ. സന്തോഷ് നമ്പി, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, ഡോ. ഹരികുമാരന്‍ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ‘എന്റെ മരങ്ങള്‍’ പദ്ധതി പി.വി.സി. ഡോ.എം. നാസര്‍ ആല്‍മരത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

പി.എച്ച്.ഡി. പ്രവേശനം : അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 9 വരെ നീട്ടി. ഫോണ്‍ 0494 2407016, 7017

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 17 മുതല്‍ 30 വരെ നടക്കുന്ന കോഴ്‌സിലേക്ക് 9 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. കെമിസ്ട്രി, ഫിസിക്‌സ്, നാനോ സയന്‍സ് അദ്ധ്യാപകര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ugchrdc.uoc.ac.in ഫോണ്‍ 0494 2407351

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 13-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കുന്ന ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0494 2407286.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഏപ്രില്‍ 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷയും 27-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ ജൂണ്‍ 9, 10 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!