കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തെ ജൈവവൈവിധ്യ പൈതൃക പ്രദേശമാക്കാനും ബോട്ടണി പഠനവകുപ്പിലെ ഹെര്‍ബേറിയത്തെ ദേശീയ സംഭരണിയില്‍ ഉള്‍പ്പെടുത്താനും ശുപാര്‍ശ ചെയ്യുമെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റി (എന്‍.ബി.എ.) സെക്രട്ടറി ജസ്റ്റിന്‍ മോഹന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
20 ഏക്കറിലായി പരന്നു കിടക്കുന്ന സസ്യോദ്യാനത്തില്‍ രണ്ടായിരത്തോളം വര്‍ഗത്തിലുള്ള സസ്യങ്ങളുണ്ട്. വിദേശത്തുള്ളവയും വംശനാശഭീഷണി നേരിടുന്നവയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അപൂര്‍വങ്ങളായ അലങ്കാര ഇഞ്ചി വര്‍ഗങ്ങള്‍, കള്ളിച്ചെടികള്‍, പന്നലുകള്‍, ഔഷധ സസ്യങ്ങള്‍, കാട്ടുവാഴകള്‍ എന്നിവയെല്ലാം ഇവിടെ സംരക്ഷിക്കുന്നു. ജൈവ വൈധ്യ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യകേന്ദ്രമാകും കാലിക്കറ്റിലെ സസ്യോദ്യാനം. സംരക്ഷണത്തിനായി ഒരു ലക്ഷം രൂപയും അനുവദിക്കും.
വ്യാവസായികാവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നതു വഴി വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാനും ജസ്റ്റിന്‍ മോഹന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം ചെടികള്‍ തിരിച്ചറിഞ്ഞാല്‍ അവ ഉപയോഗിക്കുന്നതിനുള്ള അനുമതി തടയാന്‍ ജൈവവൈവിധ്യ ബോര്‍ഡിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയപഠനത്തിനായി സസ്യഭാഗങ്ങള്‍ ഉണക്കിയെടുത്ത് വിശദാംശങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സംവിധനാമാണ് ഹെര്‍ബേറിയം. ബോട്ടണി പഠനവകുപ്പിന്റെ പ്രഥമ അധ്യക്ഷന്‍ ഡോ. ബി.കെ. നായരാണ് ഇതിന് തുടക്കമിട്ടത്. സര്‍വകലാശാലാ ഹെര്‍ബേറിയത്തില്‍ ഒരു ലക്ഷത്തോളം സസ്യങ്ങളുടെ വിവരശേഖരമുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഗവേഷകര്‍ ആധികാരികമായി ആശ്രയിക്കുന്ന കേന്ദ്രമാണിത്. ദേശീയ റെപ്പോസിറ്ററിയില്‍ ഉള്‍പ്പെട്ടാല്‍ ഹെര്‍ബേറിയം സേവനം ലഭ്യമാക്കുന്നതു വഴി പഠനവകുപ്പിന് സാമ്പത്തിക വരുമാനമുണ്ടാകുമെന്നതാണ് നേട്ടം.
ബോട്ടണി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനവും അന്താരാഷ്ട്ര ടെറിഡോളജി സിമ്പോസിയവും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജേണല്‍ പ്രകാശനം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ നിര്‍വഹിച്ചു. പ്രൊഫ. പി.വി. മധുസൂദനന്‍ ഡോ. ബി.കെ. നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. വി. ഇരുദയരാജ് അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. എസ്.പി. ഖുള്ളാര്‍, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ഡോ. സന്തോഷ് നമ്പി എന്നിവര്‍ സംസാരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രഗത്ഭ ഗവേഷകര്‍ പങ്കെടുക്കുന്ന സമ്മേളനം 19-നാണ് സമാപിക്കുക.




