ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം. ശിക്ഷാ ഇളവിനെതിരായ ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. 11 പ്രതികളെ മോചിപ്പിക്കുക വഴി അതിജീവിതയെ സമൂഹമാധ്യമത്തില്‍ വീണ്ടും തെറ്റുകാരിയാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത് എന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഹര്‍ജി നല്‍കിയത് അതിജീവിതയല്ല, മൂന്നാം കക്ഷികളാണ്. മൂന്നാം കക്ഷികള്‍ക്ക് ഒരു ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ എങ്ങനെ സാധിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍, കേസിന്റെ വിപുലമായ താത്പര്യം പരിഗണിച്ച് നോട്ടീസ് നല്‍കാന്‍ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും നോട്ടീസില്‍ മറുപടി നല്‍കണം.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ജീവപര്യന്തം ശിക്ഷയില്‍ തടവില്‍ കഴിയുകയായിരുന്ന 15 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ സ്വതന്ത്രരാക്കിയത്. ഈ നടപടിയ്‌ക്കെതിരെയാണ് കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയത്.




