ആയിരത്തിലധികം കുപ്പി മദ്യവുമായി ബാര്‍ ജീവനക്കാരന്‍ എക്‌സൈസ് പിടിയില്‍

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍
വില്‍പ്പനക്കായി സൂക്ഷിച്ച 1143 കുപ്പി മദ്യവുമായി ബാര്‍ ജീവനക്കാരന്‍ പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ നടുഭാഗം കല്ലിക്കല്‍ വീട്ടില്‍ ജന്‍സണ്‍ മാത്യു(37) ആണ് അറസ്റ്റിലായത് ഇയാള്‍ ജോലി ചെയ്യുന്ന വളാഞ്ചേരി ഗ്രാന്റ് റെസിഡന്‍സി ബാറിന് സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് എക്‌സൈസ് മദ്യം പിടികൂടിയത്. 657 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.

ഈ മദ്യം ഗ്രാന്റ് ബാറില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി എടുത്തുമാറ്റി സൂക്ഷിച്ചതാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് ബാര്‍ അടച്ചിടുന്ന സമയത്ത് ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ടെന്നും ഇയാള്‍ ഉദ്യോഗസ്ഥരോടെ സമ്മതിച്ചിട്ടുണ്ട്.

ഇന്ന് മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ വളാഞ്ചേരിയില്‍ വ്യാപകമായി മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച മദ്യം പിടികൂടിയത്. കൂടുതലും വില കുറഞ്ഞ റം ഉള്‍പ്പെടെയുള്ള മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. സുമേഷ് അറിയിച്ചു.

തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം റെയിഞ്ച് , തിരൂര്‍ സര്‍ക്കിള്‍ ഓഫീസുകളിലെ ഉേദ്യാഗസ്ഥര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. റെയിഡില്‍ സിഐക്ക് പുറമെ പ്രവിന്റീവ് ഓഫീസര്‍മാരായ കുഞ്ഞാലന്‍കുട്ടി, ലതീഷ്. പി , യൂസഫലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു ശങ്കര്‍.കെ സുനീഷ് പി.ഇ. രഞ്ജിത് എആര്‍, നിതിന്‍ മാധവ്, മുഹമ്മദലി, ധനേഷ്, ഇന്ദുദാസ്, ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top