തിരു: ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുമെന്ന് മുസ്ലീം മത നേതാക്കള്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലാണ് അവര്‍ ഉറപ്പ് നല്‍കിയത്.
പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കാമെന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യമേര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കില്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പരമാവധി 100 പേര്‍ പങ്കെടുക്കും. ബലികര്‍മ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായിട്ടുണ്ട്.
ടൗണിലെ പള്ളികളില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കും. നേരത്തെ തുറക്കാതിരുന്ന പള്ളികളില്‍ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ റമദാന്‍ കാലത്ത് ഉയര്‍ത്തിപിടിച്ച നന്‍മയുടെ സന്ദേശം ബലിപെരുന്നാള്‍ ഘട്ടത്തിലും പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകുന്നത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, സെയ്ദ് ഖലീലുള്‍ ബുഹാരി, പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മുസലിയാര്‍, ടി.പി. അബ്ദുള്ള കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എം.ഐ. അബ്ദുള്‍ അസീസ്, ടി.കെ. അഷറഫ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ആരിഫ് ഹാജി, പ്രൊഫ. പി.ഒ.ജെ. ലബ്ബ, സി.പി. കുഞ്ഞുമുഹമ്മദ്, ഇ.പി. അഷ്റഫ് ബാഖവി, മരുത അബ്ദുള്‍ അസീസ് മൗലവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



