തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ . മരണം അപകടത്തെത്തുടര്ന്നാണെന്നും അപകടസമയത്ത് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്ജുന് ആയിരുന്നെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ജുനെ പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്ജുന് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനും കലാഭവന്‍ സോബിക്കെതിരെയും കേസെടുക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പിതാവ് ഉണ്ണി പറഞ്ഞു.




