ആയുര്‍വേദത്തിന് അന്തര്‍ദേശിയ പേറ്റന്റ്: ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

തിരുവനന്തപുരം: ആയുര്‍വേദത്തിന് അന്തര്‍ദേശിയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണല്‍ നോളഡ്ജ് ഇന്നൊവേഷന്‍-കേരളയും (TKIK) സി.എസ്.ഐ.ആര്‍-ട്രഡീഷണല്‍ നോളഡ്ജ് ഡിജിറ്റല്‍ ലൈബ്രറിയും (CSIR-TKDL) തമ്മിലുള്ള ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ടി.കെ.ഡി.എല്‍. മേധാവി ഡോ. രാകേഷ് തിവാരിയും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരിയും ഒപ്പുവച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് ഇതോടനുബന്ധമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാസ്‌കറ്റ് ഹോട്ടലില്‍ വച്ചു നടന്ന സെമിനാര്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ അറിവുകള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാനുള്ള തുടക്കമാണ് ആയുര്‍വേദത്തിന് അന്തര്‍ദേശിയ പേറ്റന്റ് സംരക്ഷണമെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ മേഖലയില്‍ ഗവേഷണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ട്. ഇത് മുന്നില്‍ കണ്ടാണ് അന്തര്‍ദേശീയ ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പൊതുജനാരോഗ്യ മേഖലയില്‍ ആയുര്‍ വിഭാഗങ്ങളുടെ ശക്തിയും സാധ്യതകളും അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് വേണ്ടിയാണ് കൊച്ചിയില്‍ ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആയുര്‍വേദ മരുന്നുകളുടെ ശാസ്ത്രീയ പരീക്ഷണം നടത്തിയ ഡ്രഗ് മാസ്റ്റര്‍ ഫയല്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. ഇതോടൊപ്പം കേരളീയ ഔഷധ വിജ്ഞാന പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

ടി.കെ.ഐ.കെ. സയന്റിഫിക് ഓഫീസര്‍ ഡോ. മനോജ് ആര്‍., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ടി.കെ.ഡി.എല്‍. മേധാവി ഡോ. രാകേഷ് തിവാരി, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ മേധാവി ഡോ. അനില്‍ ജേക്കബ്, ആയുര്‍വേദ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എന്‍. രഘുനാഥന്‍ നായര്‍, ടി.കെ.ഐ.കെ. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. ആര്‍. സത്യജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാര്‍, ടി.കെ.ഐ.കെ., ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ ആയുഷ് വകുപ്പുകള്‍ എന്നിവ നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ആയുര്‍വേദത്തിന് അന്തര്‍ദേശിയ പേറ്റന്റ് സംരക്ഷണം സാക്ഷാത്ക്കരിച്ചത്. സംസ്ഥാനത്തിന്റേതുള്‍പ്പെടെയുള് ള ആയുര്‍വേദ വിജ്ഞാനത്തിന്മേല്‍ ആഗോളതലത്തില്‍ ദിനംപ്രതി വന്‍തോതില്‍ വ്യാജ പേറ്റന്റ് അപേക്ഷകളും പേറ്റന്റ് നഷ്ടവും സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ധാരണാപത്രത്തിന്റെ ആവശ്യകതയുണ്ടായത്. പാരമ്പര്യവിജ്ഞാന സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ ഡിഫന്‍സീവ് പ്രൊട്ടക്ഷന്‍ മാര്‍ഗമാണ് സ്വീകരിക്കുന്നത്. അഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സങ്കേതത്തിലൂടെ (ടി.കെ.ഡി.എല്‍) നമ്മുടെ വിജ്ഞാനം രാജ്യാന്തരതലത്തില്‍സംരക്ഷിക്കപ് പെടാനും വ്യാജ പേറ്റന്റുകള്‍ തടയാനും ഈ ധാരണാപത്രത്തിലൂടെ സാധിക്കും. ഇതു ഇന്ത്യന്‍ പേറ്റന്റ് ഓഫീസുമായി ബന്ധപ്പെടുത്തുന്നതോടെ പ്രാദേശികമായ ജൈവചോരണവും ഒരളവുവരെ നിയന്ത്രിക്കപ്പെടുന്നു. ആയുര്‍വേദത്തില്‍ ഒരു ‘കേരള ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ’ ശ്രേണിക്ക് സാധ്യതയേറുകയും വിപണി ശക്തമാകുകയും ചെയ്യുന്നു.

Related Articles