Section

malabari-logo-mobile

‘പൊതുവിദ്യാലയ ബഞ്ചുകളില്‍ നന്മനിറയുകയാണ്’; ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കലോത്സവപ്രകടനങ്ങളെ കുറിച്ച് സതീശന്‍ മാസ്റ്ററുടെ ഹൃദയഹാരിയായ പോസ്റ്റ്

HIGHLIGHTS : നമ്മുടെ മുന്നിലാണ് നമ്മുടെ കുട്ടികള്‍ നടക്കുന്നത്. ബുദ്ധിപരമായ പരിമിതികളുള്ള, ശരീരിക പരിമിതകളുള്ള കുട്ടികളെ എല്ലാവര്‍ക്കുമൊപ്പം ഒരുമിച്ചരുത്തി പഠിപ...

നമ്മുടെ മുന്നിലാണ് നമ്മുടെ കുട്ടികള്‍ നടക്കുന്നത്. ബുദ്ധിപരമായ പരിമിതികളുള്ള, ശരീരിക പരിമിതകളുള്ള കുട്ടികളെ എല്ലാവര്‍ക്കുമൊപ്പം ഒരുമിച്ചരുത്തി പഠിപ്പിക്കണമെന്ന പെതുവിദ്യലായങ്ങളുടെ തീരുമാനത്തെ നെഞ്ചേറ്റുന്നത് അവരാണ്. കലോല്തസവലഹരിയില്‍ മുഴുകുന്ന ഈ അധ്യയനദിവസങ്ങളില്‍ നമ്മുടെ വിദ്യാലയങ്ങളിലെ നന്‍മനിറഞ്ഞ കാഴച്കള്‍ നനയുന്ന മനസ്സോടെ എഴുതുകയാണ് എസ്എന്‍എംഎച്ച്എസ്എസിലെ മലയാളം അധ്യാപകനായ സതീഷ് തോട്ടത്തില്‍

സതീഷ് തോട്ടത്തില്‍

53 കുട്ടികളുള്ള സ്വന്തം എട്ടാം ക്ലാസിലേക്ക് കയറിചെല്ലുമ്പോള്‍
മനസ്സ് നിറയുന്നൊരു സ്ഥിരം കാഴ്ചയുണ്ട്.
എത്തുന്ന ദിവസങ്ങളിലെല്ലാം
ആ കാഴ്ച നല്‍കുന്നൊരു ഉണര്‍വുണ്ട്.
ആദിത്യയുടേയും ആവണിയുടേയും കൂടെ
(അവര്‍ ഇരട്ടക്കുട്ടികളാണ് )
നടുവിലൊരാള്‍ ഇരിക്കുന്നുണ്ടാവും.
പ്രൈമറിതലം തൊട്ടേ
അവര്‍ അങ്ങിനെതന്നയേ ഇരുന്നിട്ടുള്ളൂ.
സ്‌കൂള് മാറി അവരെത്തിയപ്പോഴും
ആ ഇരുത്തത്തിനൊരു മാറ്റവും വന്നിട്ടില്ല.
അതിപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇവരുടെ നടുവിലിരിക്കുന്നവള്‍ അര്‍ച്ചനയാണ്.
അവളുടെ മുടി ചീകികൊടുക്കുന്നതും
അവളുടെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കുന്നതും
അവളുടെ കൈകള്‍ പിടിച്ചെഴുതിപ്പിക്കുന്നതും
അവള്‍ക്കായ് കഥകളും കവിതകളും
വായിച്ചുകൊടുക്കുന്നതും
ഈ ഇരട്ടക്കുട്ടികള്‍ തന്നെ.
സൂഷ്മതയോടെയുള്ള കരുതലുകള്‍.
ഏഴാംക്ലാസോടെ പഠിപ്പ് തുടരണമോയെന്ന്
അര്‍ച്ചനയുടെ അച്ഛനമ്മമാര്‍
വ്യാകുലപ്പെട്ടപ്പോള്‍
ഒരു ദിവസം രണ്ട് പേര്‍ അവിടെയെത്തുന്നു.
ആദിത്യയും ആവണിയുമായിരുന്നവര്‍
അവര്‍ക്ക് അര്‍ച്ചനയെ വേണം
പ്രൈമറിതലം മുതലേ ഒപ്പമിരുന്ന അര്‍ച്ചനയെ വേണം
ഞങ്ങളോടൊപ്പം അര്‍ച്ചനയെ വിടുമോ ?
ഹൈസ്‌കൂളിലും ഞങ്ങളോടൊപ്പമിരിക്കാന്‍.
ഇത് കേള്‍ക്കലും കണ്ണുനിറഞ്ഞുപോയെന്ന്
മാതാപിതാക്കള്‍.
ഹൈസ്‌കൂളിന്റെ ലോകമെല്ലാം
അവള്‍ക്ക് കൊട്ടിയടച്ചതാവുമെന്ന്
ഞങ്ങള്‍ മനസ്സുകൊണ്ടുറപ്പിച്ചിരുന്നു.
ഇന്നവള്‍ അവരോടൊപ്പം ഇരിക്കുന്നു.
സന്തോഷവതിയായ് കളിചിരിയുമായ്.

sameeksha-malabarinews

അര്‍ച്ചന ഭിന്നശേഷിയുള്ള കുട്ടിയാണ്.
വളര്‍ച്ചയോടൊപ്പം ബുദ്ധിയുറക്കാത്തവള്‍.
സ്വയം കാര്യങ്ങള്‍ ചെയ്യാന്‍
നിര്‍വാഹമില്ലാത്തവള്‍.
മാഷേയെന്നവള്‍ നിറഞ്ഞ ചിരിയോടെ വിളിക്കുമ്പോള്‍
ഞാനും ഉള്ളുകൊണ്ട് നനയും.

ഇത്രയൊക്കെ പറഞ്ഞത്
അര്‍ച്ചനയടക്കമുള്ളവര്‍ ഇന്ന്
പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്
പൊതുവിദ്യാലയ ബെഞ്ചുകളിലാണിന്നവര്‍.
ഇവരെയെല്ലാം നിറഞ്ഞ മനസ്സോടെ സ്വീകരിക്കാന്‍ നമ്മുടെ കുട്ടികളും
ഏറെയേറെ വളര്‍ന്നുകഴിഞ്ഞു.
ഇവരൊന്നും വേറിട്ടവരല്ലെന്നും
സാഹചര്യങ്ങളാല്‍ സംഭവിച്ചതാണെന്നും
തങ്ങെേളാടൊപ്പം ഇരിക്കേണ്ടവരാണെന്നും
ഈ കുട്ടികളങ്ങ് ചിന്തിച്ചാല്‍
പിന്നെയെവിടെപോണമവര്‍.
തളര്‍ന്നുപോയ ദില്‍ഹയെ
ഉമ്മ വീല്‍ചെയറില്‍ കൊണ്ടുവന്ന്
കുട്ടികളിലേക്ക് ഏല്ലിച്ചുകൊടുക്കുമ്പോള്‍
ആ ഉമ്മയുടെ കണ്ണുകളിലെ തിളക്കം
ചിലപ്പോഴെല്ലാം ഞാന്‍ കാണാറുണ്ട്
മകള്‍ അവരുടെ കൈയ്യില്‍ സുരക്ഷിതയാണെന്ന വിശ്വാസം.
അവളേയും കൊണ്ട്
ആ വീല്‍ചെയറും ഉന്തിയങ്ങനെ
കുട്ടികള്‍
സ്‌കൂളിന്റെ വൈവിധ്യകാഴ്ചകളിലേക്ക്
കൊണ്ടുപോകുമ്പോള്‍
നന്മ വറ്റുകയില്ലെന്നുതന്നെ ഉറപ്പിക്കാറുണ്ട്.
ഇപ്പോള്‍ അന്‍പതിലധികം കുട്ടികളുണ്ട്
പലപല ക്ലാസുകളിലായ്
ശേഷിയുള്ളോരൊടൊപ്പം ഇരിക്കാനായ്.

ഇതുംകൂടി പറഞ്ഞില്ലെങ്കില്‍
ഇത് പൂര്‍ണ്ണമാവില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കലാമേളയില്‍
ഭിന്നശേഷികുട്ടികള്‍ക്കായ് മാത്രം
ഒരു പ്രധാന വേദികൂടിയുണ്ടായിരുന്നു.
അവര്‍ക്കായ് മാത്രമൊരു വേദി.
ഞാന്‍ അതിന്റെ ടീച്ചറോട് ചോദിച്ചു
പൊതു കലാമേളയില്‍
ഇവര്‍ക്ക് മുമ്പെങ്ങാനും ഇത്തരം വേദികളുണ്ടായിരുന്നോ ?
ഇല്ല.,മാഷെ
ഇതൊരു പരീക്ഷണമാണ്.
ഈ പരീക്ഷണം ഒരു സന്ദേശം കൂടിയാണ്
ഇവരും കുട്ടികളാണ്
കലാകാരന്മാരും കലാകാരികളുമാണ്
ഇവരേയും അംഗീകരിക്കേണ്ടതാണ്
ഇത് കൂടുതല്‍ കൂടുതല്‍ വ്യാപിക്കണം.
ഇവര്‍ അവഗണിക്കപ്പെട്ടവരല്ലായെന്ന്
പൊതുസമൂഹവും അറിയണം.

ആ കുഞ്ഞുങ്ങളുമയ് അവിടെയെത്തിയ
മാതാപിതാക്കളുടെ മുഖങ്ങളും
തിരക്കിനിടയിലും ഞാന്‍ നോക്കാന്‍ മറന്നില്ല.
അവര്‍ മക്കള്‍ക്കായ്
എടുക്കുന്ന സ്‌നേഹവായ്പ്പുകള്‍
മറ്റാര്‍ക്കാകും.
എത്രയെത്ര സന്തോഷങ്ങള്‍
സ്വതന്ത്ര്യങ്ങള്‍
ഇവര്‍ക്കായ് മാറ്റിവെച്ചവര്‍
ജീവിച്ചിട്ടുണ്ടാവും..
അവര്‍ക്കുവേണ്ടിമാത്രം ജീവിക്കാനായ്
തീരുമാനമെടുത്തവര്‍…
എത്രയെത്ര നിമിഷങ്ങളിലിവര്‍
ഹൃദയംകൊണ്ട് വിങ്ങിയിട്ടുണ്ടാവണം
ഞങ്ങളില്ലാതാവുമ്പോള്‍
ഇവരൊക്കെ എന്തൊക്കെയാവാം..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!