
അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി. മലപ്പുറത്ത് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോനിത്പൂര്‍ സ്വദേശി അസ്മത്ത് അലി, സഹായി അമീര്‍ കുസ്മു എന്നിവരാണ് അറസ്റ്റിലായത്.
വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതികളെയാണ് ഇപ്പോള്‍ പിടികൂടിയത്. അസമില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇവര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം മലപ്പുറത്ത് ഒളിച്ച് താമസിക്കവേയാണ് പിടികൂടിയത്.
പ്രതിയെ കേരളത്തിലെത്തുന്ന അസം പൊലീസിന് കേരള പൊലീസ് കൈമാറും. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസ്മത്ത് അലിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് അസമില്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയപ്പോഴാണ് കേരളത്തിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ചു. ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കേരളത്തില്‍ ഉണ്ടെന്ന് അസം പൊലീസിന് വ്യക്തമായത്. ഇതോടെ വിവരം കേരള പൊലീസിനെ അറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.




