
തിരുവനന്തപുരം: നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ ഗുരുവും അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 3.55-ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്ന അദ്ദേഹം, ശ്രീനാരായണ ദർശനങ്ങളെ ആഗോളതലത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിസ്തുലമായ പങ്കുവഹിച്ച വ്യക്തിത്വമാണ്.
1938 ഡിസംബർ 8-ന് തിരുവനന്തപുരം നാഗരൂരിൽ ജനിച്ച അദ്ദേഹം എൻജിനീയറിങ് വിദ്യാഭ്യാസത്തിന് ശേഷം പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ 1958-ൽ വർക്കല നാരായണ ഗുരുകുലത്തിൽ എത്തിയതോടെ ജീവിതം ആത്മീയ പാതയിലേക്ക് മാറി.
1968-ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് പൂർണ്ണമായി ധർമ്മപ്രചാരണത്തിന് ഇറങ്ങി. നടരാജഗുരുവിൽ നിന്ന് ബ്രഹ്മചര്യ ദീക്ഷയും 1985-ൽ നിത്യചൈതന്യയതിയിൽ നിന്ന് സന്ന്യാസ ദീക്ഷയും സ്വീകരിച്ചു.
1999-ൽ നിത്യചൈതന്യയതിയുടെ സമാധിക്ക് ശേഷമാണ് അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്.
രാജ്യം പത്മശ്രീ (2024) നൽകി ആദരിച്ച അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ശ്രീനാരായണ കൃതികൾ, ഭഗവദ്ഗീത, ഉപനിഷത്തുകൾ എന്നിവയ്ക്ക് അദ്ദേഹം നൽകിയ ഭാഷ്യങ്ങൾ അക്കാദമിക് തലത്തിലും ആത്മീയ മേഖലയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഗ്രീക്ക് ചിന്തകർ, പൂർണ്ണ ജനനം, ന്യായദർശനം, വേദാന്തം – നാരായണഗുരു വരെ, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



