തോറ്റതിന്റെ രോഷത്തില്‍ അഫ്ഗാന്‍ ആരാധകര്‍ പാക് ആരാധകരെ ആക്രമിച്ചു

ഷാര്‍ജ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാന്‍ ആരാധകരുടെ രോഷ പ്രകടനം. ഇന്നലെ നടന്ന നിര്‍ണായക ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാനോട് അഫ്ഗാനിസ്ഥാന്‍ തോറ്റിരുന്നു. അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നല്‍കിയ ശേഷം അപ്രതീക്ഷിതമായി ഉണ്ടായ തോല്‍വി അഫ്ഗാന്‍ ആരാധകര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായി. പാകിസ്ഥാനോട് തോല്‍വി വാങ്ങിയതിനൊപ്പം അഫ്ഗാനിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്ന് പുറത്തുമായി. ഇതിനുപിന്നാലെയാണ് തോല്‍വിയില്‍ കലിപൂണ്ട അഫ്ഗാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെ കസേരകള്‍ തല്ലിത്തകര്‍ത്തത്. സ്റ്റേഡിയത്തിലെ കസേരകളും മറ്റും തകര്‍ത്ത അഫ്ഗാന്‍ ആരാധകര്‍, പാക് ആരാധകര്‍ക്ക് നേരേ കസേരകള്‍ വലിച്ചെറിയുകയും കസേര കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. ഒരു പാക് ആരാധകനെ അഫ്ഗാന്‍ ആരാധകന്‍ കസേര കൊണ്ട് തല്ലുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, ഷാര്‍ജ സ്റ്റേഡിയത്തിന് പുറത്ത് പാക്, അഫ്ഗാന്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇന്നലെ കളത്തിലും അത്ര നല്ല രീതിയില്‍ അല്ല പാക് – അഫ്ഗാന്‍ പോരാട്ടം അവസാനിച്ചത്. അവസാന ഓവര്‍ ത്രില്ലറായി മാറിയ മത്സരത്തില്‍ ആവേശം മൂത്ത് താരങ്ങള്‍ ഏറ്റുമുട്ടുന്നതിനും ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായി.

പാകിസ്ഥാന്റെ റണ്‍ ചേസിംഗില്‍ 19-ാം ഓവറിലായിരുന്നു വിവാദ സംഭവം.
അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്റെ നാലാം പന്ത് ആസിഫ് അലി കൂറ്റന്‍ സിക്സറിന് പറത്തി. തൊട്ടടുത്ത പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ് ആസിഫിനെ ഷോര്‍ട് ഫൈന്‍ലെഗ് ഫീല്‍ഡറുടെ കൈകളിലെത്തിച്ചു ഫരീദ്. അഫ്ഗാന്‍ താരങ്ങള്‍ വിക്കറ്റാഘോഷം തുടങ്ങിയതോടെ കളി കാര്യമായി. ബൗളറുടെ ആവേശം ഇഷ്ടപ്പെടാതെ പോയ ആസിഫ് അലി അദ്ദേഹത്തെ തള്ളി. ഫരീദും വിട്ടുകൊടുത്തില്ല. പാഞ്ഞെടുത്ത ആസിഫ് അലി ബാറ്റുയര്‍ത്തിയതോടെ സഹതാരങ്ങളും അംപയര്‍മാരും ഇടപെടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top