അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌ക്കാരം

തിരുവനന്തപുരം: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌ക്കാരം. ഈ പുരസ്‌ക്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. പാലക്കാട് ജില്ലയില്‍ കുമരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേക്കൂര്‍ മനയില്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18 നാണ് അക്കിത്തത്തിന്റെ ജനനം.

സംസ്‌കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും അവഗാഹം നേടിയ അക്കിത്തം വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ യോഗക്ഷേമസഭയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായിരുന്നു. കോഴിക്കോട് ആകാശവാണിയില്‍ 1956 മുതല്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975 ല്‍ ആകാശവാണി തൃശൂര്‍ നിലയത്തിന്റെ എഡിറ്ററായി. 1985 ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. മാനവികതയിലൂന്നി ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും അക്കിത്തത്തിന്റെ കവിതകളുടെ മുഖമുദ്രയാണ്.

ഇരുപാതം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം,ബലിദര്‍ശനം, മനസാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍,മധുവിധു,ഇടിഞ്ഞുപൊളിഞ്ഞലോകം തുടങ്ങി കവിതകളും ചെറുകഥകളും ഉപന്യാസങ്ങളും നാടകവുമായി നാല്‍പ്പത്തിയാറോളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റേതായുണ്ട്.

Related Articles