Section

malabari-logo-mobile

വീണ്ടും ഭാരതരത്‌ന, ഹരിത വിപ്ലവത്തിന്റെ നായകന് രാജ്യത്തിന്റെ ആദരം

HIGHLIGHTS : Again the Bharat Ratna, the nation's tribute to the hero of the Green Revolution

മൂന്ന് പേര്‍ക്ക് കൂടി ഭാരതരത്‌ന. മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിംഗിനും പിവി നരസിംഹ റാവുവിനും കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥനുമാണ് ഇത്തവണ രാജ്യം ഭാരതരത്‌ന നല്‍കിയത്. മൂന്നുപേര്‍ക്കും മരണാനന്തരമാണ് ആദരം. നേരത്തെ എല്‍ കെ അദ്വാനിക്കും, കര്‍പ്പൂരി താക്കൂറിനും ഭാരതരത്‌ന നല്‍കിയിരുന്നു. ഇതോടെ ഈ വര്ഷം പുരസ്‌കാരം നല്‍കിയവരുടെ എണ്ണം അഞ്ചായി.

ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന് പരമോന്നത ബഹുമതിയായ ഭാരതരത്‌ന. കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് വിടപറഞ്ഞത്. രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തില്‍ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും അത് കര്‍ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. മാത്രമല്ല രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ഇന്ത്യയ്ക്ക് അനുയോജ്യമായ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

1952 ല്‍കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കു മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

ആയിരത്തോളം ഗവേഷണപ്രബന്ധങ്ങളും 13 പുസ്തകങ്ങളും എം.എസ് സ്വാമിനാഥന്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍, രാജ്യാന്തര നെല്ലുഗവേഷണകേന്ദ്രം മേധാവി, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ സുപ്രധാന ചുമതലകള്‍ വഹിച്ചു.

‘കൃഷിയിലും കര്‍ഷക ക്ഷേമത്തിലും രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം.എസ്. സ്വാമിനാഥന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഒപ്പം ഇന്ത്യന്‍ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വിദ്യാര്‍ഥികളുടെ പഠനത്തിലും ഗവേഷണത്തിലും അദ്ദേഹം പ്രോത്സാഹനം നല്‍കിയിരുന്നു. ഒരു ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു’, പ്രധാനമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!