
അനുപമക്ക് കുഞ്ഞിനെ കാണാൻ സംസ്ഥാന ശിശുക്ഷേമസമിതി അനുമതി നൽകി. ഭർത്താവ് അജിത്തിനും കുഞ്ഞിനെ കാണാൻ അനുമതി നൽകിയിട്ടുണ്ട്. നിർദേശം ലഭിച്ചതിനെ തുടർന്ന് സമരപ്പന്തലിൽ നിന്ന് പുറപ്പെട്ട അനുപമ നിർമല ശിശുഭവനിൽ എത്തി.
ഡി എൻ എ പരിശോധനാഫലം പോസിറ്റീവ് ആയ സാഹചര്യത്തിലാണ് കുഞ്ഞിനെ കാണാനായി സംസ്ഥാന ശിശുക്ഷേമ സമിതി അനുമതി നൽകിയത്. നിർണായക ഡിഎൻഎ പരിശോധനാ ഫലത്തിൽ കുഞ്ഞ് അനുപമയുടെതാണെന്ന് തെളിഞ്ഞു. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്.
കുഞ്ഞിനെ കിട്ടുന്നതിൽ തനിക്ക് വളരെ സന്തോഷം ഉണ്ടെന്നും കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും, കുറ്റവാളികളെ ശിക്ഷിക്കും വരെ പോരാട്ടം തുടരും , എന്നാൽ സമരം എങ്ങനെ വേണമെന്ന് പിന്നീട് ആലോചിക്കുമെന്നും അനുപമ പ്രതികരിച്ചു .




