Section

malabari-logo-mobile

മലയാള സിനിമയുടെ ആ നിറ ചിരി മാഞ്ഞു; നടന്‍ ഇന്നസെന്റ് അന്തരിച്ചു

HIGHLIGHTS : Actor Innocent passes away

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. അദ്ദേഹം 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു. 750 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതല്‍ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

sameeksha-malabarinews

‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ല്‍ വെള്ളിത്തിരയില്‍ എത്തിയ ഇന്നസെന്റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടര്‍ പശുപതി’, ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു.

കാന്‍സര്‍ രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയായിരുന്നു ഇന്നസെന്റ്. രോഗത്തെ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ട അദ്ദേഹം, കാന്‍സര്‍ വാര്‍ഡിലെ ചിരി ഉള്‍പ്പടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!