ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷിക്ക് ഇറങ്ങി ജര്‍മന്‍ യുവതി; വിഡിയോ വൈറല്‍

ഇന്ത്യന്‍ ജീവിതരീതികളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ജര്‍മന്‍ യുവതിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പം കൃഷി ചെയ്യുന്ന ജൂലി ശര്‍മ എന്ന യുവതിയുടേതാണ് വിഡിയോ.

ജയ്പൂര്‍ സ്വദേശിയായ അര്‍ജുന്‍ ശര്‍മയാണ് ഇവരുടെ ഭര്‍ത്താവ്. കൃഷിയിടത്തില്‍ ജൂലി ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിന്റെ വിഡിയോ അര്‍ജുന്‍ തന്നെയാണ് പകര്‍ത്തിയത്. എവിടെ നിന്നാണ് വരുന്നതെന്ന് ജൂലിയോട് അര്‍ജുന്‍ ചോദിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. ജര്‍മനിയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഏഴു കടലുകള്‍ കടന്നെത്തിയത് ഇന്ത്യയില്‍ ഉള്ളി നടാനാണോ എന്നും ഇയാള്‍ തമാശയായി ചോദിക്കുന്നുണ്ട്.

ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണെന്നും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും ജൂലി ഇതിന് മറുപടിയും നല്‍കുന്നുണ്ട്. തന്നെ ശല്ല്യപ്പെടുത്താതെ അവിടെ നിന്ന് മാറിനില്‍ക്കാന്‍ അര്‍ജുനോട് ജൂലി ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. ഹിന്ദിയിലാണ് അവരുടെ സംസാരം.

രണ്ടു കോടി 80 ലക്ഷം ആളുകളാണ് ഇതുവരെ ഈ വിഡിയോ കണ്ടത്. 21 ലക്ഷം ആളുകള്‍ ഈ വിഡിയോ ലൈക്കും ചെയ്തു. ഒരു മടിയും കാണിക്കാതെ ഇന്ത്യന്‍ സംസ്‌കാരവുമായി ഇത്രവേഗം ഇഴുകിച്ചേര്‍ന്ന ജൂലിയെ അഭിനന്ദിച്ച് നിരവധി പേര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ജൂലിക്കും അര്‍ജുനും ആശംസകള്‍ അറിയിക്കുന്നുവെന്നും ആളുകള്‍ കമന്റില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top