കോട്ടയം :കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് നേരെ മൂന്നംഗ സംഘത്തിലെ കൂട്ട ആക്രമണം. ഇന്നലെ രാത്രി 10 30 ഓടെയാണ് ആക്രമണമുണ്ടായത്. സദാചാര ഗുണ്ടാ സംഘമാണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ സമീപത്തുവെച്ച് പെണ്‍കുട്ടിക്കു നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു .താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്‌കര്‍,ഷബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത.്
ആശുപത്രിയിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങിവരുന്നു പെണ്‍കുട്ടിയും സുഹൃത്തും. വരുന്നവഴി തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് യുവാക്കള്‍ അശ്ലീല ചുവയോടെ സംസാരിച്ചതാണ് സംഭവത്തിന് തുടക്കമായത്. ഇതിനെ പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.
സംഭവസമയത്ത് ഇവിടെ എത്തിയ പോലീസാണ് പ്രതികളെ പിടികൂടിയത്.അക്രമത്തിനിരയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.




