ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു, 50 ലേറെ പേര്‍ക്ക് പരിക്ക്

പനാജി: ഗോവയിലെ ഷിര്‍ഗാവോയില്‍ ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ക്ക് ദാരുണാന്ത്യം. അമ്പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും (ജിഎംസി) മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമുള്ള ഭക്തര്‍ സത്രയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ കത്തുന്ന തീക്കനലുകളിലൂടെ നഗ്‌നപാദരായി നടക്കുന്നതാണ് സത്രയുടെ പ്രത്യേകത. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുകയും, പിന്നാലെ ഉന്തിലും തള്ളിലും 6 പേര്‍ മരിക്കുകയായിരുന്നു.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരുടേയും നില ഗുരുതരമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന ബിച്ചോളിം ആശുപത്രിയിലും പ്രമോദ് സാവന്ത് സന്ദര്‍ശനം നടത്തി. എങ്ങനെ തിരക്കുണ്ടായി, ഇത്തരമൊരു അപകടത്തിലേക്ക് എങ്ങനെ എത്തി എന്നതടക്കം അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top