എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട്ടില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ അമ്മയ്ക്കും സഹോദരഭാര്യയ്ക്കും സുഹൃത്തിനുമാണ് പരുക്കേറ്റത്. ശക്തമായ പൊട്ടിത്തെറിയില്‍ കോണ്‍ക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നുവീണു.

ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ‘രണ്ട് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളുമുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. നിര്‍ഭാഗ്യവശാല്‍ ആണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഭിത്തിയില്‍ ഘടിപ്പിച്ച എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചതായി കണ്ടെത്തിയിട്ടുണ്ട്,’ ഗാസിയാബാദ് പൊലീസ് ഓഫീസര്‍ ഗ്യാനേന്ദ്ര സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top